ബാംബോലിം: പ്രാധാന്യമില്ലായിരുന്നെങ്കിലും ആവേശത്തിനൊട്ടും കുറവില്ലാതിരുന്ന കളിയിൽ കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഗോളടിമേളം നടത്തിയ കളി 4-4നാണ് തുല്യതയിലായത്.
ബ്ലാസ്റ്റേഴ്സ് സെമിയുറപ്പിച്ചതിനാലും ഗോവ പുറത്തായതിനാലും അപ്രസക്തമായ മത്സരമായിരുന്നു ഇത്. രണ്ടു ടീമുകൾക്കും നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തതിനാൽ തുറന്ന മത്സരമായിരുന്നു ബാംബോലിം അത്‍ലറ്റിക് സ്റ്റേഡിയത്തിൽ. അതിനാൽ തന്നെ ഗോളുകൾക്കും ഗോളവസരങ്ങൾക്കും കുറവില്ലായിരുന്നു. ബ്ലാസ്റ്റേഴ്സ് 15ഉം ഗോവ 14ഉം ഗോൾ തേടിയുള്ള ഷോട്ടുകൾ തൊടുത്തു. ഇതിൽ യഥാക്രമം എട്ടും ഏഴും ഓൺ ടാർജറ്റായിരുന്നു.
ആദ്യ പകുതിയിൽ ജോർഹെ പെരേര ഡയസിന്റെ ഇരട്ട ഗോളുകളുടെ (10, 25) മികവിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്വം നേടിയിരുന്നു. എന്നാൽ, ആദ്യ പാദത്തിലെ പോലെ രണ്ടു ഗോളുകളും തിരിച്ചടിച്ച് ഗോവ മത്സരത്തിലേക്ക് തിരിച്ചുവന്നു. അയ്റാം കബ്റേറയുടെ വകയായിരുന്നു രണ്ടും (49, 63). അതിലും നിർത്താതെ അയ്ബൻ ഡോലിങ്ങിന്റെയും (79) കബ്റേറയുടെ ഹാട്രിക് ഗോളിന്റെയും (82) മികവിൽ കളി പിടിച്ച ഗോവ 4-2 സ്കോറിൽ ജയത്തിലേക്ക് കുതിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച് കളി മാറ്റി.
അപ്രസക്ത മത്സരമായതിനാൽ, ഇറക്കാതെ വെച്ച അഡ്രിയാൻ ലൂനയെയും അൽവാരോ വാസ്ക്വസിനെയും ഒപ്പം വിൻസി ബാരെറ്റോയെയും ഇറക്കി വിട്ട കോച്ചിന്റെ തന്ത്രം ഫലിച്ചു. ആദ്യം ബരെറ്റോയുടെയും (88) പിന്നാലെ വാസ്ക്വസിന്റെയും (90+1) ഗോളുകൾ. ഒടുവിൽ വിജയ ഗോളിനായി വാസ്ക്വസിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.