ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടിയ രാഹുൽ കെ.പിയാണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്.
ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം ആക്രമിച്ചുകയറിയ ഗോവ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചാണ് കളിതുടങ്ങിയത്. 25ാം മിനുറ്റിൽ ഗോവയുടെ ആക്രമണങ്ങൾക്ക് ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ഫലമെത്തി. ജോർജ് ഓർട്ടിസ് തൊടുത്ത ഫ്രീകിക്ക് സഹലിന്‍റെ തലയിൽ തെട്ടി ദിശമാറി ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ഊർന്നിറങ്ങിയപ്പോൾ ഗോൾകീപ്പർ ആൽബിനോ ഗോമസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഇടവേളക്ക് ശേഷം ഉണർന്നുകളിച്ച ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷം 56ാം മിനുറ്റിൽ വന്നുചേർന്നു. ഫെക്കുണ്ടോ പെരേര തൊടുത്ത കോർണർ കിക്ക് 1.98 മീറ്റർ ഉയർന്നുചാടിയ രാഹുൽ ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയ രാഹുലിന്‍റെ സീസണിലെ മൂന്നാംഗോളാണിത്.
65ാം മിനുറ്റിലാണ് ഗോവക്ക് ഇടിത്തീയായി റഫറിയുടെ തീരുമാനമെത്തിയത്. ഗാരി ഹൂപ്പറിനെ വീഴ്ത്തിയതിന് ഇവാൻ ഗോൺസാലസിനെതിരെ റഫറി മഞ്ഞക്കാർഡ് വിളിച്ചു. ഇതിൽ കുപിതനായി ന്യായവാദങ്ങൾ നിരത്തിയ ഗോൺസാലസിന് നേരെ റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും ഉയർത്തുകയായിരുന്നു. പക്ഷേ ഈ ആനുകൂല്യം മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.
സമനിലയോടെ 13 കളികളിൽ നിന്നും 14 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങളിൽ നിന്നും 20 പോയന്‍റുള്ള എഫ്.സി ഗോവ മൂന്നാംസ്ഥാനത്താണുള്ളത്. ജനുവരി 27ന് ജാംഷഡ്പൂരിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.