ആനച്ചന്തവുമായാണ് എന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കേരള ബ്ലാസ്റ്റേഴ്സിെൻറ വരവ്. സൂപ്പർതാരങ്ങളും ഗാലറി നിറക്കുന്ന മഞ്ഞപ്പടയുമെല്ലാമായി തൃശൂർ പൂരത്തിെൻറ ആളും ബഹളവുമായി തന്നെയാണ് പുറപ്പാട്. പക്ഷേ, പന്തുരുണ്ട് തുടങ്ങിയാൽ ആനമെലിഞ്ഞ് തുടങ്ങും. കൊട്ട് മുറുകുന്നതിനനുസരിച്ച് ഗജവീരന്മാരുടെ ചമയങ്ങൾ അഴിഞ്ഞുകൊണ്ടിരിക്കും. സീസൺ അവസാനിക്കുേമ്പാഴേക്കും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാവും. കഴിഞ്ഞ ആറ് സീസണിൽ രണ്ടെണ്ണമൊഴികെ എല്ലാം ഇങ്ങനെയായിരുന്നു. 2014, 2016 സീസണുകളിൽ ഫൈനലിലെത്തിയെങ്കിലും കപ്പില്ലാതെ മടങ്ങി.
ഇക്കുറി വീണ്ടുമൊരു സൂപ്പർലീഗ് പൂരമൊരുങ്ങുേമ്പാഴേക്കും കേരള ബ്ലാസ്റ്റേഴ്സ് തിടേമ്പറ്റി. സൂപ്പർതാരങ്ങളും യുവരക്തങ്ങളുമെല്ലാം അണിനിരക്കുന്ന ലൈനപ്പ് കണ്ടാലറിയാം ഇത് കഴിഞ്ഞ കാലങ്ങളിലേത് പോലെയല്ലെന്ന്. കൃത്യമായ ആസൂത്രണം, ശക്തമായ തയാറെടുപ്പ്, ബജറ്റിനുള്ളിൽനിന്ന് ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ലൈനപ്പ്, വിദേശ താരങ്ങളുടെ സെലക്ഷനും മികച്ചത്. കേരള ബ്ലാസ്റ്റേഴ്സിെൻറ ഏഴാം സീസൺ സവിശേഷമാവുന്നത് ഈ തയാറെടുപ്പുകൊണ്ടാണ്.
പതിവില്ലാത്തൊരു നീക്കമായിരുന്നു സ്പോർട്ടിങ് ഡയറക്ടറെ നിയമിക്കാനുള്ള നീക്കം. അങ്ങനെയാണ് ലിത്വേനിയക്കാരനായ 31കാരൻ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിൽ ചുമതലയേൽക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഉറപ്പ് വാങ്ങിയ കരോലിസ് ഓരോ ചുവടുവെപ്പിലും ആരാധകരെയും മാനേജ്മെൻറിനെയും അമ്പരപ്പിച്ചു.
മുൻവർഷങ്ങളിലെ കുത്തഴിഞ്ഞ നിലയിൽനിന്നും അടിമുടി പ്രഫഷനലായി ഒരു ക്ലബ് കെട്ടിപ്പടുക്കുകയായിരുന്നു. ആരാധകരുടെ ഇഷ്ടക്കാരനായിരുന്ന കഴിഞ്ഞ സീസണിലെ പരിശീലകൻ എൽകോ ഷറ്റോറിയെ ഒഴിവാക്കാനുള്ള തീരുമാനം വിവാദമായെങ്കിലും തെൻറ തീരുമാനത്തിൽ കരോലിസിന് കാരണങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യൻ ഫുട്ബാളിനെ ഏറെ പരിചയമുള്ള, മോഹൻ ബഗാനെ കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച കിബു വികുനയുടെ വരവ്.
കോച്ചിനൊപ്പം അസി. കോച്ച്, ടാക്ടിൽ അനലിസ്റ്റ്, ഫിസിക്കൽ പ്രിപ്പറേഷൻ കോച്ച് എന്നിവരുടെ ഒരു പാക്കേജുമായാണ് വികുന അവതരിച്ചത്.
സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതോടെ തകർന്നുവീണെന്ന് കരുതിയ പ്രതിരോധേകാട്ടയാണ് ഏറ്റവും കരുത്തോടെ കെട്ടിപ്പടുത്തത്. ഫ്രഞ്ച് ക്ലബ് ലിയോണിനായി കളിച്ച ബകാറി കോനെയും, ചെക്ക്ക്ലബ് പ്രാഗിെൻറ കോസ്റ്റ നമോയ്നെസോയും എത്തിയതോടെ പ്രതിരോധ മതിലിന് കെട്ടുറപ്പ് കൂടി. ഇവർക്ക് ഇരു വിങ്ങിലുമായി ജെസൽ കാർനെയ്റോയും നിഷു കുമാറും. പകരക്കാരുടെ ബെഞ്ചിൽ അബ്ദുൽഹക്ക്, ലാൽറുവാതാര എന്നീ പരിചയസമ്പന്നർ.
ഭാവനാശൂന്യമായ മധ്യനിര എന്ന പഴിമാറ്റി പുതുക്കിപ്പണിത മിഡ്ഫീൽഡാണ് മറ്റൊരു മികവ്. അർജൻറീനക്കാരൻ ഫകുണ്ടോ പെരേയും കഴിഞ്ഞ സീസണിൽ ടീമിനൊപ്പം കൂടിയ സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയും പുതുതാരം വിസെെൻറ ഗോമും അണിനിരക്കുന്ന മധ്യനിര ടൂർണമെൻറിലെ തന്നെ ഏറ്റവും മികച്ചതാണ്. ഇവർക്കൊപ്പം സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി, ജീക്സൺ സിങ്, കെ. പ്രശാന്ത് എന്നീ ഇന്ത്യൻ കൂട്ട് കൂടി ചേർന്നാൽ പ്രവചനാതീതമാവും.
ഗോളടിക്കാനുമുണ്ട് മികച്ച നിര. ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും ഗോളടിച്ചുകൂട്ടിയ ഗാരി ഹൂപ്പറും, ആസ്ട്രേലിയക്കാരൻ ജോർഡൻ മുറെയും, യുവതാരം നൗറം സിങ്ങുമാണ് ബ്ലാസ്റ്റേഴ്സിെൻറ ഗോൾ മെഷീനുകൾ. ഗോൾപോസ്റ്റിനു കീഴെ പരിചയസമ്പന്നനായ ആൽബിനോ ഗോമസാവും ഫസ്റ്റ് ഗോളി. ബിലാൽ ഖാൻ ബെഞ്ചിലുണ്ട്.
കടലാസിൽ ശക്തമാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ, പല ദിക്കിൽനിന്നെത്തിച്ചേർന്ന താരങ്ങളും പുതുതായെത്തിയ പരിശീലകനും ചേർന്ന് ടീമായാലേ കളി ജയിച്ച് തുടങ്ങൂ. കോവിഡ് കാരണം പ്രീസീസണും പരിശീലന മത്സരങ്ങളും ചുരുങ്ങിയത് തയാറെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോസ്റ്റയും ബകാറി കോനെയും ഗോമസും ഹൂപ്പറുമെല്ലാം വ്യക്തിഗത റെക്കോഡിൽ ഗംഭീരമാണെങ്കിലും ഇവരെല്ലാം ചേർന്ന് ടീമായി മികവ് കാണിച്ചാലേ ബ്ലാസ്റ്റേഴ്സ് കളത്തിലും പുലിയാവുകയുള്ളൂ. ആദ്യത്തെ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് ടീമായി മാറാനുള്ളതാണ്. പിന്നാലെ, ഇവർ കിരീടഫേവറിറ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.