വംശീയ അധിക്ഷേപം; ബംഗളൂരു താരത്തിനെതിരെ ബ്ലാസ്റ്റേഴ്സ് പരാതി നൽകി

കൊച്ചി: ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ ഐബാന്‍ബ ഡോഹ്‌ലിങ്ങിനെ ബംഗളൂരുവിന്റെ വിദേശതാരം റയാന്‍ വില്യംസ് അധിക്ഷേപിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ക്ലബ് പ്രസ്താവനയുമിറക്കി.

‘ബംഗളൂരു എഫ്‌.സിക്കെതിരായ ഞങ്ങളുടെ ഉദ്ഘാടന മത്സരത്തിനിടെയുണ്ടായ ഖേദകരമായ സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു. മത്സരത്തിനിടെ ഞങ്ങളുടെ ഒരു കളിക്കാരനോട് ഒരു ബംഗളൂരു എഫ്‌.സി താരം അനാദരവോടെ പെരുമാറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ക്ലബിലും സ്‌പോർട്‌സിലും വംശീയവും അപകീർത്തികരവുമായ പെരുമാറ്റത്തിന് തികച്ചും ഇടമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു’-പ്രസ്താവനയിൽ പറയുന്നു.

‘ വംശീയത, വിവേചനം, അനാദരവ് എന്നിവക്ക് ഫുട്ബാൾ മൈതാനത്തോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ല. ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെ കൈകാര്യംചെയ്യുമെന്നും ഉചിതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു. ഉചിതമായ നടപടിയെടുക്കാൻ ബംഗളൂരു എഫ്‌.സിയിലെ ഞങ്ങളുടെ നല്ല സഹപ്രവർത്തകരോടും ആവശ്യപ്പെടുന്നു’ -ബ്ലാസ്റ്റേഴ്സ് കൂട്ടിച്ചേർത്തു.

അതേസമയം, അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാന്‍ബക്കെതിരെ റയാൻ കാണിക്കുന്നതായി വിഡിയോകളിൽ വ്യക്തമാണ്. കളിയുടെ 82ാം മിനിറ്റിലാണിത്. പന്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ റയാനുമായി ഐബാന്‍ബ കോര്‍ത്തു. ഇതിനുപിന്നാലെ മൂക്കുപൊത്തി വായ്‌നാറ്റമുണ്ടെന്നപോലെ റയാൻ പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Tags:    
News Summary - Kerala Blasters filed a complaint against the Bengaluru player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.