കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പുതിയ സീസണിലെങ്കിലും കിരീടം നേടാമെന്ന മോഹത്തോടെ ഒരുക്കം തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. പുതുതായി ക്ലബിലെത്തിയ ആസ്ട്രേലിയൻ മുന്നേറ്റതാരം ജോഷ്വ സത്തിരിയോക്ക് പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റു.
ഇരുപത്തേഴുകാരനായ സത്തിരിയോയെ ആസ്ട്രേലിയൻ എ ലീഗിലെ ന്യൂകാസിൽ ജെറ്റ്സ് ക്ലബിൽനിന്ന് രണ്ടു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ലീഗിൽ 169 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം വെല്ലിങ്ടൺ ഫീനിക്സ്, വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് ടീമുകളുടെയും ഭാഗമായിരുന്നു. ക്ലബ് വേൾഡ് കപ്പിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്.
ഞായറാഴ്ച കൊച്ചിയിൽ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് പുറത്തുവരുന്ന വിവരം. ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പ് താരത്തിന് നഷ്ടമാകും. കൂടാതെ, ഐ.എസ്.എൽ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായേക്കും. സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ മികവുള്ള താരമാണ് സത്തിരിയോ.
എന്നാൽ, താരത്തിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്രൗണ്ടിൽനിന്ന് മുടന്തി കാറിലേക്ക് പോകുന്ന താരത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താരത്തിനെ സ്വന്തമാക്കാൻ മുടക്കിയ തുക ബ്ലാസ്റ്റേഴ്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മധ്യനിരയിലെ മുൻതൂക്കം മുന്നേറ്റത്തിൽ പ്രതിഫലിക്കാതെ പോയതായിരുന്നു മുൻ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പോരായ്മകളിലൊന്ന്. അതിനുള്ള പരിഹാരമായാണ് ഓസീസ് സ്ട്രൈക്കറെ ക്ലബിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.