വാസ്കോ: ആദ്യപാദത്തിൽ സഹൽ മാജിക് ആയിരുന്നെങ്കിൽ രണ്ടാം പാദത്തിൽ ലൂനയുടെ ഊഴമായിരുന്നു. ഒരു നിമിഷത്തെ മാന്ത്രികതയിൽ ഉറുഗ്വായ് മാസ്റ്ററുടെ വലങ്കാലിൽനിന്ന് വളഞ്ഞുപാഞ്ഞ പന്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ടിക്കറ്റും ചേർത്തുവെച്ചിട്ടുണ്ടായിരുന്നു. ലീഗ് റൗണ്ടിൽ ഒന്നാമന്മാരായി വിന്നേഴ്സ് ഷീൽഡ് അവകാശികളായ ജാംഷഡ്പൂരിന്റെ വെല്ലുവിളി രണ്ടാം സെമിയിൽ അതിജീവിച്ചാണ് നാലാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് ആറു വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് മുന്നേറിയത്.
ഇരുപാദ സെമിയിൽ 2-1ന് കീഴടക്കിയാണ് ഇവാൻ വുകോമാനോവിചിന്റെ ടീം കലാശക്കളിയിലേക്ക് ടിക്കറ്റുറപ്പിച്ചത്. രണ്ടാം പാദ സെമി 1-1ന് സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യപാദത്തിലെ 1-0 മുൻതൂക്കം മഞ്ഞപ്പടയെ ഫൈനലിലെത്തിക്കുകയായിരുന്നു. ഹൈദരാബാദ് എഫ്.സി-എ.ടി.കെ മോഹൻ ബഗാൻ രണ്ടാം സെമി ഫൈനൽ വിജയികളുമായി ഈമാസം 20നാണ് ഫൈനൽ. ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014ലെ പ്രഥമ സീസണിലും 2016ലും ബ്ലാസ്റ്റേഴ്സ് കലാശക്കളിയിലെത്തിയെങ്കിലും റണ്ണറപ്പ് ട്രോഫിയുമായി തൃപ്തിപ്പെടാനായിരുന്നു വിധി. 18ാം മിനിറ്റിൽ സൂപ്പർ പ്ലേമേക്കർ അഡ്രിയാൻ ലൂനയുടെ മനോഹര ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ലീഡെടുത്തത്. രണ്ടാം പകുതിയിൽ 50ാം മിനിറ്റിൽ പ്രണോയ് ഹൽദാറിന്റെ ഗോളിലാണ് ജാംഷഡ്പൂർ ഒപ്പംപിടിച്ചത്. ലൂനയാണ് കളിയിലെ കേമൻ.
വാസ്കോയിലെ തിലക് മൈതാനത്ത് സമനില സ്വന്തമാക്കിയാലും ഫൈനലിലെത്താമെന്ന അവസ്ഥയായിരുന്നെങ്കിലും ജയം ലക്ഷ്യമിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ പന്തുതട്ടിയത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ടു തവണ ഗോളിനടുത്തെത്തുകയും ചെയ്തു. രണ്ടാം മിനിറ്റിൽ മൈതാനമധ്യത്തുനിന്ന് പന്ത് ക്ലിയർ ചെയ്യാനുള്ള എതിർതാരത്തിന്റെ ശ്രമത്തിൽനിന്ന് ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ അൽവാരോ വാസ്ക്വസ് ജാംഷഡ്പൂർ ഗോളി ടി.പി. രഹ്നേഷ് മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചത് അവിശ്വസനീയതയോടെയാണ് ബ്ലാസ്റ്റേഴ്സ് ബെഞ്ച് കണ്ടത്. ഗോളിക്ക് മുകളിലൂടെ ചിപ് ചെയ്യാനുള്ള സ്പാനിഷ് സ്ട്രൈക്കറുടെ ശ്രമം പാളുകയായിരുന്നു.
നിമിഷങ്ങൾക്കകം ജാംഷഡ്പൂർ നായകൻ പീറ്റർ ഹാർട്ലിയുടെ ശ്രമം പാളിയപ്പോൾ ചാടിവീണ ജോർഹെ ഡയസിന്റെ കാലിൽ തട്ടിയ പന്ത് ബാറിലിടിച്ചാണ് മടങ്ങിയത്. ഇതിനുപിന്നാലൊയിരുന്നു 18ാം മിനിറ്റിൽ ലൂനയുടെ ഗോൾ. ഇടതുവിങ്ങിലൂടെ കയറി വാസ്ക്വസ് നലകിയ പാസിൽ ലൂനയുടെ വലങ്കാലിൽനിന്ന് മനോഹരമായ ഫിനിഷിങ്. ഇടവേളക്കുശേഷം രണ്ടും കൽപിച്ച് ആക്രമിച്ചുകയറിയ ജാംഷഡ്പൂരിന് ആവേശമേകി അഞ്ചു മിനിറ്റിനകം ഗോളെത്തി. ഗോൾവലക്കുമുന്നിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഹൽദാർ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
അതിനിടെ താരത്തിന്റെ കൈയിൽ പന്തുതട്ടിയെങ്കിലും റഫറി വിളിച്ചില്ല. പിന്നീടുള്ള സമയം സമനില ഗോളിനായി ജാംഷഡ്പൂർ ആർത്തലച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് തരിമ്പും വിട്ടുകൊടുത്തില്ല. ഇടക്ക് പ്രത്യാക്രമണവുമായി കയറിയ ബ്ലാസ്റ്റേഴ്സ് വാസ്ക്വസിലൂടെയും മാർകോ ലെസ്കോവിചിലൂടെയും ഗോളിനടുത്തെത്തുകയും ചെയ്തു. ഒടുവിൽ സമനിലയിൽനിൽക്കെ തന്നെ റഫറി ഹരീഷ് കുൻഡുവിന്റെ ഫൈനൽ വിസിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളും കോച്ചിങ് സ്റ്റാഫും ആഘോഷത്തിമിർപ്പിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.