സ്വന്തം തട്ടകത്തിൽ വീണ്ടും അടിതെറ്റി ബ്ലാസ്റ്റേഴ്സ്; എഫ്.സി ഗോവക്ക് ജയം, 1-0

കൊച്ചി: ചെന്നൈയിൻ എഫ്.സിയെ തകർത്തുവിട്ട ആധികാരിക പ്രകടനത്തിന്റെ തുടർച്ച മോഹിച്ച് കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും അടിതെറ്റി. സ്വന്തം തട്ടകത്തിൽ എഫ്.സി ഗോവക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിന് അടിയറവ് പറഞ്ഞു. 

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പത്താം റൗണ്ട് മത്സരത്തിൽ 40-ാം മിനിറ്റിൽ ബോറിസ് സിങ് ​നേടിയ ഗോളിലാണ് ആദ്യപകുതിയിൽ ഗോവക്കാർ ലീഡെടു​ത്തത്.

കളിയിൽ താര​തമ്യേന മികച്ച നീക്കങ്ങൾ നടത്തുകയും പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. നോവ സദോയിയിലൂടെ ഇടതുവിങ്ങിൽനിന്ന് പലകുറി ആക്രമിച്ചുകയറിയെങ്കിലും സന്ദേശ് ജിങ്കാൻ നയിച്ച ഗോവൻ പ്രതിരോധം ജാഗരൂകമായിരുന്നു. ഇടതടവില്ലാതെ മഞ്ഞക്കുപ്പായക്കാർ ഇരച്ചുകയറിയപ്പോൾ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെയാണ് ആതിഥേയ ഗോൾമുഖത്ത് പന്തെത്തിയത്. തുടക്കത്തിൽ വലതുവിങ്ങിലൂടെ കുതിച്ച് രാഹുൽ കെ.പി നൽകിയ പാസിൽ ബോക്സിൽനിന്ന് നോവ തൊടുത്ത ഷോട്ട് ക്രോസ്ബാറിൽനിന്നകന്നു.

കളി പുരോഗമിക്കുന്നതിനിടെ പതിയെ താളം വീണ്ടെടുത്ത ഗോവ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ആക്രമണം ശക്തമാക്കി. ഇടതുവിങ്ങിൽ ദെയാൻ ഡ്രാസിച്ചായിരുന്നു അവരുടെ കുന്തമുന. ഇടവേളക്ക് അഞ്ചുമിനിറ്റ് ശേഷിക്കേ, സാഹിൽ ടവോറ നൽകിയ പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ബോറിസ് ബോക്സിന്റെ ഒരത്തുനിന്ന് തൊടുത്ത ഷോട്ട് തടയാമായിരുന്നെങ്കിലും സചിൻ സുരേഷിന്റെ കൈകളിൽതട്ടി വലയിലേക്ക് കയറുകയായിരുന്നു.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളേറെ കണ്ടത് അവാസാന മിനിറ്റുകളിലാണ്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ഗോവയുടെ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോവയുടെ ഡിഫൻസ് സമർത്ഥമായി തടയിട്ടു.  96ാമത്തെ മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനുള്ള അവസാന സുവർണാവസരം പാഴാക്കി. ബോക്സിനത്ത്  ലൂനയുടെ ഹെഡർ ക്രോസ് സ്വീകരിച്ച സന്ദീപ് സിങ്  പുറത്തേക്കടിച്ചതോടെ ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിക്കുകയായിരുന്നു. ജയത്തോടെ ഗോവ ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി അഞ്ചാമതെത്തി. പത്ത് കളിയിൽ അഞ്ച് തോൽവിയും മൂന്ന് ജയവും രണ്ടു സമനിലയും ഉൾപ്പെടെ 11 പോയിൻറുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. 

Tags:    
News Summary - Kerala Blasters lose to FC Goa by one goal in ISL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.