കൊച്ചി: ഐ.എസ്.എല്ലിൽ മലയാളി ഗോൾകീപ്പറായ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലെയിങ് ഇലവനിൽ. ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി സച്ചിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
മറ്റൊരു മലയാളി താരമായ മുഹമ്മദ് അയ്മനും പ്ലെയിങ് ഇലവനിലുണ്ട്. നായകൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ എതിരാളികൾ ബംഗളൂരു എഫ്.സിയാണ്. പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിന്‍സിച്ച്, ഐബന്‍ഭ ഡോഹ്‌ലിങ് എന്നിവരാണ് പ്രതിരോധത്തിൽ.
ജാപ്പനീസ് താരം ദെയ്‌സുകി സകായ്, ഘാന താരം ക്വാമി പെപ്ര എന്നിവരാണ് മുന്നേറ്റത്തിലുള്ളത്. ഇരുവർക്കും ഇത് അരങ്ങേറ്റ മത്സരമാണ്. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസ്സൽ കർണെയ്റോ ബംഗളൂരു പ്ലെയിങ് ഇലവനിലുണ്ട്. പ്രമുഖർ പലരും ടീം വിട്ടെങ്കിലും അതൊന്നും കരുത്തിന് പോറലേൽപിക്കാത്ത തരത്തിലാണ് ബ്ലാസ്റ്റേഴ്സ് പുതിയ സ്ക്വാഡിനെ ഒരുക്കിയിരിക്കുന്നത്.
പുതുമുഖങ്ങളും പരിചയസമ്പന്നരും നിറഞ്ഞതാണ് മഞ്ഞപ്പട. കഴിഞ്ഞ സീസണിൽ ടീമിന്‍റെ കരുത്തായിരുന്ന സഹല്‍ അബ്ദുൽ സമദ്, ആയുഷ് അധികാരി, ഗോൾ കീപ്പർ പ്രഭ്‌സുഖന്‍ സിങ് ഗില്‍ എന്നിവരുൾപ്പെടെയുള്ള നിരവധി താരങ്ങൾ ഇക്കുറി ഒപ്പമില്ല. ഏഷ്യൻ ഗെയിംസിലായതിനാൽ കെ.പി. രാഹുലും ടീമിനൊപ്പമില്ല.
കേരള ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവൻ –സച്ചിൻ സുരേഷ് (ഗോൾ കീപ്പർ), പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിന്‍സിച്ച്, ഐബന്‍ഭ ഡോഹ്‌ലിങ്, ദെയ്‌സുകി സകായ്, ജീക്സന്‍ സിങ്, ഡാനിഷ് ഫറൂഖ്, മുഹമ്മദ് അയ്മൻ, അഡ്രിയൻ ലൂണ, ക്വാമി പെപ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.