കൊച്ചി: മഞ്ഞപ്പട ആരാധകക്കൂട്ടത്തിന്‍റെ തുറന്ന കത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ഒരു സന്തോഷവാർത്ത! പുതിയ ഐ.എസ്.എൽ സീസണിനു തുടക്കമാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ സ്പെയിനിൽനിന്ന് പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക് ക്ലബ് ഒ.എഫ്.ഐ ക്രെറ്റെയുടെ താരമായിരുന്ന മുപ്പതുകാരൻ ജീസസ് ജിമെനെസുമായാണ് ക്ലബ് കരാർ ഒപ്പിട്ടത്.
ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മികവുള്ള താരമാണ് ജിമെനെസ്. അത്ലറ്റികോ മഡ്രിഡ് യൂത്ത് ടീമിന്‍റെ മുൻതാരമായിരുന്ന ഈ 30കാരന്‍റെ വരവ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് കരുത്താകും. ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിനു പകരക്കാരനായാണ് സ്പാനിഷ് താരത്തിന് വരവ്. പുതിയ സീസണിൽ ക്വാമി പെപ്ര-നോഹ സദൂയി സഖ്യത്തിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ ജിമെനെസുമുണ്ടാകും. 2017-18 സീസണിൽ സ്പാനിഷ് മൂന്നാം ഡിവിഷൻ ലീഗിൽ സി.എഫ് ടലവേരയിലൂടെയാണ് താരം പ്രഫഷനൽ കരിയർ തുടങ്ങുന്നത്.
ലീഗിൽ 37 മത്സരങ്ങളിൽനിന്ന് 12 ഗോളുകളുമായി തിളങ്ങി. പിന്നാലെ പോളിഷ് ക്ലബ് ഗോർണിക് സാബർസെയിലെത്തി. അവിടെ 134 മത്സരങ്ങളിൽനിന്ന് 43 ഗോളുകളാണ് നേടിയത്. 25 ഗോളുകൾക്കും വഴിയൊരുക്കി. 2021-22 സീസണിൽ പോളണ്ടിലെ ഒന്നാം ഡിവിഷൻ ലീഗിൽ 21 മത്സരങ്ങളിൽ കളിച്ചു. തുടർന്ന് യു.എസിലെ മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‍.സിക്കായും എഫ്‍.സി ഡല്ലാസിനായും കളിച്ചു. പിന്നാലെ യൂറോപ്പിലേക്ക് മടങ്ങിയെത്തി. ഒ.എഫ്.ഐ ക്രെറ്റെ എഫ്‍.സിയുമായി കരാറിലെത്തിയെങ്കിലും പരിക്കുമൂലം തിളങ്ങാനായില്ല.
കരിയറിലാകെ 237 മത്സരങ്ങളിൽനിന്ന് 66 ഗോളുകളും 31 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. അതേസമയം, അർജന്‍റൈൻ യുവ സ്ട്രൈക്കർ ഫിലിപ്പ് പാസഡോറും ബ്ലാസ്റ്റേഴ്സ് റഡാറിലുണ്ട്. 24കാരനായ താരവുമായി ഉടൻ കരാറിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ബൊളീവിയ പ്രീമിയർ ഡിവിഷനിൽ സാൻ അന്‍റോണിയോ ബുലോക്കുവേണ്ടി രണ്ടു സീസണുകളിലായി 37 മത്സരങ്ങളിൽനിന്ന് 24 ഗോളുകളാണ് യുവതാരം അടിച്ചുകൂട്ടിയത്. നിലവിൽ താരത്തിന് ഒരു ക്ലബുമായും കരാറില്ല. സെപ്റ്റംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‍.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.