കൊച്ചി: സ്പാനിഷ് സ്ട്രൈക്കർ ആല്‍വാരോ വാസ്‌ക്വെസ് ടീം വിട്ടതിന് പകരം മുന്നേറ്റനിരയിൽ തകർപ്പൻ പ്രഹരശേഷിയുള്ള പോർചുഗീസ് താരത്തെ ടീമിലെത്തിക്കാൻ ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. പോളണ്ടിലെ പ്രമുഖ ടീമുകളിലൊന്നായ ലെഗിയ വാഴ്സോയുടെ പോർചുഗീസ് സ്‌ട്രൈക്കർ റാഫേല്‍ ലോപസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉന്നമിട്ടിരിക്കുന്നതെന്നാണ് സൂചനകൾ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇക്കഴിഞ്ഞ സീസണിൽ കലാശക്കളി വരെ നീണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച താരമായിരുന്നു 31കാരനായ വാസ്‌ക്വെസ്. 23 മത്സരങ്ങളില്‍നിന്ന് എട്ട് ഗോള്‍ നേടിയ താരം, രണ്ട് ഗോളിന് ചരടുവലിക്കുകയും ചെയ്തിരുന്നു. ഒരു സീസണിൽ മഞ്ഞപ്പടയുടെ ജഴ്സിയണിയാൻ കരാറൊപ്പിട്ട അദ്ദേഹം, വൻതുകയുടെ ഓഫർ സ്വീകരിച്ച് എഫ്.സി ഗോവയിലേക്ക് കൂടുമാറുകയായിരുന്നു.
30കാരനായ റാഫേൽ ലോപസ് പോർചുഗൽ അണ്ടർ 20 ടീമിന് വേണ്ടി ബൂട്ടുകെട്ടിയ താരമാണ്. കഴിഞ്ഞ സീസണിൽ ലെഗിയ വാഴ്സോക്കുവേണ്ടി 56 കളികളിൽ 21 ഗോളുകൾ നേടിയിട്ടുണ്ട്. പേർചുഗൽ ക്ലബുകളായ ബോവിസ്ത, ഷാവെസ്, അകാഡെമിക, പെനഫീൽ തുടങ്ങിയവക്കുവേണ്ടിയും കളത്തിലിറങ്ങി. സൈപ്രസിലെ മുൻനിര ക്ലബായ ഒമോനിയക്കുവേണ്ടിയും ഒരു സീസീണിൽ കളത്തിലിറങ്ങി. 12 വർഷം നീണ്ട പ്രൊഫഷനൽ കരിയറിൽ 75 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.