കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എല്‍) 2022-23 സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി പ്രീ-സീസൺ തയാറെടുപ്പിലേക്ക്. ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീ-സീസൺ പരിശീലനം ആരംഭിക്കുന്ന ക്ലബ്, മാസത്തിന്‍റെ പകുതിയോടെ യു.എ.ഇയിലേക്ക് പറക്കും.
യു.എ.ഇ പ്രൊ-ലീഗിൽ കളിക്കുന്ന അല്‍ നാസ്ര്‍ എസ്.സി, ദിബ എഫ്.സി എന്നീ ക്ലബുകൾക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും. ആഗസ്റ്റിൽ ഡുറന്‍റ് കപ്പിൽ റിസർവ് ടീമാണ് കളിക്കുകയെന്നും ടീമിനെ പ്രീ-സീസൺ ആരംഭിച്ച ശേഷം പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു.
മുഖ്യപരിശീലകന്‍ ഇവാൻ വുകോമാനോവിച്ചിന് കീഴില്‍ അല്‍ നാസ്ര്‍ കള്‍ചറൽ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിലായിരിക്കും ടീമിന്‍റെ പരിശീലനം. എച്ച് 16 സ്‌പോര്‍ട്‌സാണ് പ്രീ-സീസൺ ടൂർ ഒരുക്കുന്നത്. ആഗസ്റ്റ് 20ന് ദുബൈയിലെ അല്‍ മക്തൂം സ്‌റ്റേഡിയത്തിൽ അല്‍ നാസ്ര്‍ എഫ്.സിക്കെതിരെയാണ് ആദ്യ പ്രീ-സീസൺ സൗഹൃദ മത്സരം. 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്.സിയെയും 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും ബ്ലാസ്‌റ്റേഴ്‌സ് നേരിടും.
കാണികൾക്ക് മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയാണ് പ്രവേശനം. ഗൾഫ് മേഖലയില്‍ ടീമിന് ധാരാളം ആരാധകരുള്ളതിനാൽ, യു.എ.ഇ രണ്ടാം വീട് പോലെയാണെന്ന് ക്ലബ് പറയുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എച്ച്16 സ്‌പോര്‍ട്‌സ് ചെയര്‍മാൻ ഹസൻ അലി ഇബ്രാഹീം അല്‍ ബലൂഷി പറഞ്ഞു. ഈ പ്രീ-സീസണ്‍ മത്സരങ്ങൾ ക്ലബിന് നിര്‍ണായകമാണെന്നും ടീമിന്‍റെ പരിധികൾ പരിശോധിക്കാൻ സഹായിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.