വാസ്കോ: രണ്ടു കളി മുമ്പുവരെ ഏറെ പിറകിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടടിയിലൂടെയാണ് ഐ.എസ്.എല്ലിൽ മുൻനിരയിലേക്ക് കുതിച്ചത്. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയെയും മുൻ ചാമ്പ്യന്മാരായ ചെന്നൈയിനെയും മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തി നാലാം സ്ഥാനത്തേക്ക് കയറിയ ഇവാൻ വുകോമാനോവിചിെൻറ ടീമിന് ഞായറാഴ്ച ജാംഷഡ്പുരിനെതിരെ ജയിച്ചാൽ അവരെ പിന്തള്ളി രണ്ടാമതെത്താം. ജയം മൂന്നു ഗോൾ വ്യത്യാസത്തിലാണെങ്കിൽ മുംബൈയെ മറികടന്ന് മുമ്പന്മാരാവാം.
ജാംഷഡ്പുർ ബ്ലാസ്റ്റേഴ്സിന് ഒത്ത എതിരാളികളാവും. ഇരുടീമുകളും തുല്യ പോയന്റ് നിലയിലാണ്. ഗോൾശരാശരിയും തുല്യം. അടിച്ച ഗോളുകളുടെ മുൻതൂക്കത്തിലാണ് പോയന്റ് പട്ടികയിൽ ജാംഷഡ്പുർ ബ്ലാസ്റ്റേഴ്സിന് മുകളിൽ നിൽക്കുന്നത്. ജാംഷഡ്പൂർ 13 ഗോളടിച്ച് എട്ടെണ്ണം വഴങ്ങിയപ്പോൾ 12 ഗോളടിച്ച് ഏഴു ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിെൻറ കണക്ക്.
മുംബൈക്കും ചെന്നൈയിനുമെതിരെ കാഴ്ചവെച്ച കളി കണക്കിലെടുത്താൽ ലീഗിൽ നിലവിൽ ഏറ്റവും ഫോമിൽ കളിക്കുന്ന സംഘമാണ് മഞ്ഞപ്പട. പ്രതിരോധവും മധ്യനിരയും മുൻനിരയും തികഞ്ഞ ഒത്തിണക്കത്തോടെ കളിക്കുന്നു എന്നതാണ് ടീമിെൻറ പ്ലസ് പോയന്റ്. കഴിഞ്ഞ രണ്ടു കളികളിലായി ആറു ഗോളടിച്ച ടീം ഒരു ഗോൾപോലും വഴങ്ങിയതുമില്ല. ജാഷംഡ്പുരിനെതിരെയും അത് തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്.
മികച്ച പ്രസിങ് ഗെയിമിലൂടെ എതിരാളികളെ വരിഞ്ഞുമുറക്കുന്നതാണ് സെർബിയക്കാരെൻറ ശൈലി. ഇതോടൊപ്പം എതിർഹാഫിൽ പന്ത് ലഭിക്കുമ്പോൾ ടീം കൂട്ടമായി ആക്രമിക്കുകയും ചെയ്യുന്നു. മുൻനിരയിൽ അൽവാരോ വാസ്ക്വസ്-പെരേര ഡയസ് സഖ്യവും മധ്യനിരയിൽ അഡ്രിയൻ ലൂന-സഹൽ അബ്ദുസ്സമദ് ജോടിയും കാണിക്കുന്ന പരസ്പര ധാരണയാണ് ടീമിന് ഏറെ ഗുണകരമാവുന്നത്. മുൻനിരയിലെ നെരിയൂസ് വാൽസ്കിസ്-ഗ്രെഗ് സ്റ്റുവാർട്ട് കൂട്ടുകെട്ടാണ് ജാംഷഡ്പൂരിെൻറ കരുത്ത്. കഴിഞ്ഞ കളിയിൽ പരിക്കുമൂലം പുറത്തിരുന്ന വാൽസ്കിസ് ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുമെന്നാണ് സൂചന. ഗോളടിപ്പിച്ചും അടിച്ചും തിളങ്ങുന്ന സ്റ്റുവാർട്ടിനെ തളക്കുകയാവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് വെല്ലുവിളി. മലയാളി ഗോൾകീപ്പർ ടി.പി. രഹ്നേഷ് ജാംഷഡ്പുർ നിരയിൽ മികച്ച ഫോമിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.