മലപ്പുറം: കാൽപന്ത് കളിയാണ് ഫിറോസിന്റെ ഊർജം. അതിന് പ്രായം തടസ്സമാണോയെന്ന് ചോദിച്ചാൽ അതിനുളള മറുപടി ഗോൾപോസ്റ്റുകളിലേക്ക് തുളഞ്ഞു കയറുന്ന പന്തുകളായിരിക്കും. വയസ്സ് 39ലെത്തുമ്പോഴും ‘കേരള ഛേത്രി’ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ കേരള പൊലീസ് താരം ഫിറോസ് കളത്തിങ്ങലിന്റെ ചടുലതക്ക് ഒട്ടും കുറവില്ല. ഇപ്പോഴും ഫുട്ബാൾ മൈതാനങ്ങളിൽ ആവേശം നിറച്ചു മുന്നോട്ടുപോകുകയാണ്. കേരള പ്രീമിയർ ലീഗിന്റെ അവസാനിച്ച സീസണിൽ ഹാട്രിക് ഉൾപ്പെടെ ഏഴ് ഗോളുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. മലപ്പുറം മഞ്ചേരി പാലായി സ്വദേശിയും പാണ്ടിക്കാട് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ എസ്.ഐയുമായ ഫിറോസ് തന്റെ കാൽപന്ത് യാത്ര തുടരുകയാണ്.
മഞ്ചേരി എൻ.എസ്.എസ് കോളജ് ടീമിലേക്ക് അവസരം ലഭിക്കുന്നതോടെയാണ് ഫിറോസിന്റെ പ്രഫഷനൽ ഫുട്ബാളിലേക്ക് വാതിലുകൾ തുറക്കുന്നത്. കാലിക്കറ്റ് സർവകലാശാല, അണ്ടർ 21 കേരള ടീം, വിവ കേരള, മലബാർ യുനൈറ്റഡ് തുടങ്ങി നിരവധി ടീമുകൾക്കായി ഇതിനിടയിൽ പന്ത്തട്ടി. പിന്നീട് എസ്.ബി.ടിയിലേക്കും അവസരം വന്നു. എന്നാൽ, കേരള പൊലീസ് ടീമിലേക്ക് സ്പോർട്സ് ക്വോട്ടയിൽ തെരഞ്ഞെടുക്കപ്പെട്ട ഫിറോസ് 13 വർഷമായി ടീമിലുണ്ട്. അഞ്ച് സന്തോഷ് ട്രോഫി ടൂർണമെന്റുകൾ കളിച്ചു.
കെ.പി.എൽ, അഖിലേന്ത്യ പൊലീസ് ചാമ്പ്യൻഷിപ്പിലെ ഫുട്ബാൾ മത്സരങ്ങൾ തുടങ്ങി നിരവധി ടൂർണമെന്റുകളും ട്രോഫികളും. കെ.പി.എല്ലിൽ 2017ൽ ടോപ് സ്കോററുമായി. കളിയോടുള്ള സമീപനവും അർപ്പണബോധവും അച്ചടക്കവുമാണ് ഈ പ്രായത്തിലും ഫിറോസിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നത്. ദിനേന രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ വീതം പരിശീലനം. വ്യായാമവും ഭക്ഷണവും വിശ്രമവും ഉൾപ്പെടെ എല്ലാം കൃത്യമായി പാലിക്കുന്നതായും പൊലീസിൽനിന്ന് ലഭിക്കുന്ന പിന്തുണയുമാണ് തനിക്ക് സഹായമാകുന്നതെന്ന് ഫിറോസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.