കൊച്ചി: ‘‘എനിക്ക് മനസ്സിനും ഹൃദയത്തിനും സമാധാനം കിട്ടി, എനിക്കെന്റെ സ്വന്തം വീടുപോലെ തോന്നിച്ചു, എന്നെ സ്വീകരിച്ചതുപോലെ തോന്നിച്ചു, നിങ്ങൾ എന്റെ കുടുംബമായി, എന്റെ വീടായി...’’ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബിന്റെയും ആരാധകരായ മഞ്ഞപ്പടയുടെയും സ്വന്തം ആശാനായ ഇവാൻ വുകമനോവിച്ചിന്റെ കണ്ണുനനയിക്കുന്ന വിടവാങ്ങൽ കുറിപ്പിൽനിന്നുള്ള വരികളാണിത്. ‘ഡിയർ കേരള’ എന്നുതുടങ്ങുകയും ‘കേരള, ഐ ലവ് യൂ, ഫോർ എവർ യുവേഴ്സ്, ആശാൻ ഇവാൻ’ എന്ന് അവസാനിക്കുകയും ചെയ്യുന്ന കുറിപ്പ് ഇവാന്റെ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിട്ടുള്ളത്.
‘‘വൈകാരികമല്ലാതെയും കണ്ണിൽ കണ്ണീരില്ലാതെയും ഈ കുറിപ്പെഴുതാൻ ഏറെ പ്രയാസമാണ്. മുന്നോട്ടുപോകുന്നതിനായി നാം ജീവിതത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ പലതുണ്ട്. എന്നെ സംബന്ധിച്ചും ഈ ക്ലബിനെ സംബന്ധിച്ചും ഈ തീരുമാനമെടുക്കൽ ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് എനിക്കുറപ്പാണ്’’ എന്നിങ്ങനെയാണ് കുറിപ്പ് തുടങ്ങുന്നത്.
താൻ കേരളത്തിലെത്തിയ ആദ്യ നിമിഷം ആവേശം, ബഹുമാനം, പിന്തുണ, കടപ്പാട്, സ്നേഹം ഇതല്ലാതെ മറ്റൊന്നും തനിക്ക് അനുഭവപ്പെട്ടില്ല. ഏറെ വൈകാതെ ഈ നഗരവും ഈ നാടും ഇവിടത്തെ ആളുകളുമായുള്ള അടുപ്പവും അനുഭവിക്കാൻ തുടങ്ങി. കുടുംബത്തിൽനിന്ന് ഏറെ അകലെയായിട്ടും എനിക്കൊരിക്കലും ഒറ്റക്കാണെന്ന തോന്നലുണ്ടായില്ല, നിങ്ങളെന്റെ കുടുംബവും വീടുമായി. ട്രെയിനിങ് സെഷനുകൾ, കളികൾ, യാത്രകൾ, യോഗങ്ങൾ, തോൽവികൾ, ജയങ്ങൾ, നിരാശകൾ, ആനന്ദം, കണ്ണീർ, സന്തോഷം... എല്ലാം ചേർന്ന് ലോകത്തെങ്ങുമുള്ള മഞ്ഞ ഹൃദയമുള്ള ആരാധകരിലേക്ക് വലിയ പുഞ്ചിരി എത്തിച്ചു. നമ്മൾ ഒരു സംഘമായി, ഒരു ടീമായി, ഒരു സ്വത്വമായി, ഒരു പ്രതീക്ഷയുണ്ടാക്കി. നമ്മുടെ കണ്ണുകളിൽ തീ നിറക്കുന്ന, എതിരാളികളെ ഭയപ്പെടുത്തുന്ന കോട്ട നാം സൃഷ്ടിച്ചു.
‘ടീമിന്റെ കളിക്കാരേ, നിങ്ങളുടെയെല്ലാം കഠിനാധ്വാനത്തിനും സമർപ്പണത്തിനും കടപ്പാടിനും സൗഹൃദത്തിനും ഒപ്പമുള്ളവർക്കുവേണ്ടിയും ലോഗോക്കുവേണ്ടിയുമുള്ള പോരാട്ടത്തിനും നന്ദി. നിങ്ങൾ മെച്ചപ്പെടുന്നതും മികച്ച താരങ്ങളും മികച്ച മനുഷ്യരുമായി മാറുന്നതുമെല്ലാം വീക്ഷിക്കുന്നത് വലിയ കാര്യമായിരുന്നു. നിങ്ങളുടെയെല്ലാം സന്ദേശങ്ങൾക്കു നന്ദി’ -ആശാൻ തുടരുന്നു. ‘‘ഓഹ് മൈ ഗോഡ്. നിങ്ങൾ ഈ ലോകത്തേറ്റവും അടിപൊളിയായി നിന്നു. നിങ്ങളോട് സാമ്യമുള്ളതൊന്നുമില്ല. നിങ്ങളുടെ ശബ്ദം, പ്രതിധ്വനി, ശക്തി, സമർപ്പണം, സ്നേഹം, ആവേശത്തിന്റെ മഞ്ഞക്കടൽ, പിച്ചിലേക്കുള്ള ഓരോ എൻട്രിയിലും... ഇതെല്ലാം എനിക്ക് രോമാഞ്ചവും കണ്ണീരും സമ്മാനിച്ചു. നിങ്ങൾക്കും നിങ്ങളുടെ പിന്തുണക്കും നന്ദി. സസ്പെൻഷനുശേഷം തിരിച്ചെത്തിയ ആ ഗെയിമിൽ എല്ലാ വൈകാരിക നിമിഷങ്ങൾക്കും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതെല്ലാമാണ് ജീവിതത്തിലുടനീളം അവശേഷിക്കുക, ഒരിക്കലും മറക്കില്ല.’’
‘‘കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെയുള്ള എല്ലാവരോടും... മഞ്ചേശ്വരം, കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, മൂന്നാർ, തൃശൂർ, കൊച്ചി എന്നിങ്ങനെ തിരുവനന്തപുരം വരെയുള്ള എല്ലാവരോടും... (ആരെയെങ്കിലും മറന്നെങ്കിൽ ക്ഷമിക്കൂ) എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള നന്ദി. ഏറ്റവുമൊടുവിൽ നമ്മൾ തിരിച്ചറിയുന്നത്, നമുക്കൊരിക്കലും വിടപറയാൻ കഴിയില്ലെന്നതാണ്, കാരണം നമ്മുടെ വഴികൾ ഇനിയും കൂട്ടിമുട്ടാനുള്ളതാണ്. നമ്മളിനിയും കാണും’’ -എന്നിങ്ങനെയാണ് ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച കുറിപ്പ് നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.