മലപ്പുറം: കാൽപ്പന്തുകളി ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ശനിയാഴ്ച മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള പ്രീമിയർ ലീഗിന് (കെ.പി.എൽ) പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കേരള യുണൈറ്റഡ് എഫ്.സിയും റണ്ണേഴ്സ് അപ്പ് ആയ ഗോകുലം കേരള എഫ്.സിയും ഏറ്റുമുട്ടും. ജില്ല കലക്ടർ വി.ആർ. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിക്കും.
കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായി രണ്ട് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ കിരീടത്തിനായി മത്സരിക്കുന്നതെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫൈനലടക്കം ആകെ 108 മത്സരങ്ങൾ ഉണ്ടാവും. ആദ്യറൗണ്ട് 53 മത്സരങ്ങളാണ് കോട്ടപ്പടി ഗ്രൗണ്ടിൽ നടക്കുന്നത്. ബാക്കി 55 മത്സരങ്ങൾ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ്.
ദിവസവും വൈകീട്ട് നാലിനും ഏഴിനുമാണ് മത്സരങ്ങൾ. ജനുവരി ഒന്നിനാണ് കണ്ണൂരിലെ ആദ്യ മത്സരം. സൂപ്പർ സിക്സ്, സെമി ൈഫനൽ മത്സരങ്ങളും ഫൈനലും കണ്ണൂരിലാണ്. ഫെബ്രുവരി ആദ്യവാരത്തിൽ സമാപനമാകും.
വാർത്തസമ്മേളനത്തിൽ കെ.എഫ്.എ ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം, എക്സിക്യൂട്ടീവ് അംഗം പി. അഷ്റഫ്, ഡോ. പി.എം. സുധീർ കുമാർ എന്നിവർ പങ്കെടുത്തു. മത്സരങ്ങൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപക്ക് ആ ദിവസത്തെ രണ്ട് മത്സരവും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.