കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിനായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരള പ്രീമിയർ ലീഗിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ കൽപറ്റ മരവയലിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലേക്ക് മാറ്റി.
മാർച്ച് 13നും 19നും ഇടയിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായി മത്സരങ്ങൾ നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ മൂന്നു മുതൽ എട്ടുവരെ സൂപ്പർ കപ്പിന്റെ ആദ്യ പാദ മത്സരങ്ങളും ഏപ്രിൽ 25ന് ഫൈനൽ മത്സരവും നടക്കുന്നതിനാലാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടത്.
സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകളിൽ പകുതിപോലും പ്രവർത്തിക്കുന്നില്ല. സന്തോഷ് ട്രോഫിയും ഐ ലീഗും കേരള പ്രീമിയർ ലീഗും അടക്കമുള്ള തുടർച്ചയായ മത്സരങ്ങളുടെ ആധിക്യം കാരണം ഗ്രൗണ്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ പരിഹരിച്ച് മൈതാനവും ഗാലറികളും മത്സരസജ്ജമാക്കാനാണ് അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നത്. ഫ്ലഡ് ലൈറ്റുകളുടെ പ്രവർത്തനം പരിശോധിക്കാൻ ഇന്നലെ വിദഗ്ധർ സ്റ്റേഡിയത്തിൽ എത്തി.
തിങ്കളാഴ്ചക്കകം പ്രശ്നം പരിഹരിക്കാനാവുമെന്ന് കോർപറേഷൻ അറിയിച്ചതായി കെ.എഫ്.എ സെക്രട്ടറി പി. അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വാഴ്ചയോടെ പണി ആരംഭിക്കുമെന്നും 20ാം തീയതിക്കുള്ളിൽ പൂർത്തിയാക്കി സ്റ്റേഡിയം സജ്ജമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയമാണ് സൂപ്പർ കപ്പ് മത്സരങ്ങളുടെ മറ്റൊരു വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.