കേരള വുമണ്‍സ് ലീഗ്: ഡോണ്‍ ബോസ്‌കോയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

കൊച്ചി: പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്ന ഡോണ്‍ ബോസ്‌കോ ഫുട്‌ബാള്‍ അക്കാദമിയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് രാംകോ കേരള വനിത ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്. നാല് കളിയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയന്റോടെ ടീം പട്ടികയില്‍ ഒന്നാമതെത്തി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ പുര്‍ണ നര്‍സാറി ബ്ലാസ്‌റ്റേഴ്‌സിനായി ഹാട്രിക് നേടിയപ്പോൾ സുനിത മുണ്ടയും കിരണും ഓരോ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു അഞ്ച് ഗോളുകളും.

കേരള ബ്ലാസ്‌റ്റേഴ്‌സിനായി കെ. നിസാറി, ആര്യശ്രീ, സിവിഷ, മുസ്‌കന്‍ സുബ്ബ, അപുര്‍ണ നര്‍സാറി, നവോറെം പ്രിയങ്കാദേവി, പി. മാളവിക, സുനിത മുണ്ട, എം. അഞ്ജിത, പി. അശ്വതി, കിരണ്‍ എന്നിവര്‍ അണിനിരന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍തന്നെ അപുര്‍ണയുടെ മനോഹര ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത വോളി ഡോണ്‍ ബോസ്‌കോ ഗോള്‍ കീപ്പര്‍ക്ക് എത്തിപ്പിടിക്കാനായില്ല. ആ ഷോട്ട് വല തന്നെ തകര്‍ത്തു. ക്യാപ്റ്റന്‍ പ്രിയങ്ക ദേവിയാണ് അവസരമൊരുക്കിയത്. എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറിയത്. പതിനഞ്ചാം മിനിറ്റില്‍ മുസ്‌കന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.

പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളെണ്ണം രണ്ടാക്കി. ബോക്‌സിന് നേരെ മുന്നില്‍നിന്നുള്ള കിരണിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഡോണ്‍ ബോസ്‌കോ ഗോള്‍ കീപ്പറെ മറികടന്ന് വലയില്‍ പതിച്ചു. ഇതിന് ശേഷവും കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം തുടര്‍ന്നു. 27ാം മിനിറ്റില്‍ മൂന്നാംഗോളുമെത്തി. വലതുഭാഗത്ത്‌നിന്ന് മാളവിക നല്‍കിയ പന്ത് പ്രിയങ്ക ഗോള്‍മുഖത്തേക്ക് പായിച്ചു. അപുര്‍ണ അതിനെ വലയിലേക്ക് തട്ടിയിട്ടു. മത്സരത്തില്‍ അപുര്‍ണയുടെ രണ്ടാംഗോള്‍.

ആദ്യപകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ മറ്റൊരു ലോങ് റേഞ്ച് ഷോട്ടിലൂടെ അപുര്‍ണ ഹാട്രിക് പൂര്‍ത്തിയാക്കി. സുനിത മുണ്ടയുമായുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു അപുര്‍ണയുടെ ഗോള്‍. രണ്ട് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളെണ്ണം അഞ്ചാക്കി. ഇത്തവണ സുനിതയാണ് ലക്ഷ്യം കണ്ടത്. കിരണ്‍ നല്‍കിയ പന്തുമായി ബോക്‌സില്‍ കയറിയ സുനിത അനായാസം ലക്ഷ്യംകണ്ടു. എതിരാളികളുടെ വലയില്‍ അഞ്ച് ഗോള്‍ അടിച്ചുകയറ്റി ബ്ലാസ്‌റ്റേഴ്‌സ് പെണ്‍കുട്ടികള്‍ ഇടവേളക്ക് പിരിഞ്ഞു.

രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു മത്സരം. ഡോണ്‍ ബോസ്‌കോ ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിര തമ്പടിച്ചു. 63ാം മിനിറ്റില്‍ സുനിതയ്ക്ക് പകരം ലക്ഷ്മി തമാങ് കളത്തിലെത്തി. 68ാം മിനിറ്റില്‍ പ്രിയങ്കയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഡോണ്‍ ബോസ്‌കോ പ്രതിരോധം കടുപ്പിച്ചതോടെ ആദ്യപകുതിയിലെ പോലെ അനായാസം ബോക്‌സിലേക്ക് കടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. നിര്‍ഭാഗ്യവും തടഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് കടത്തനാട് രാജ എഫ്.എയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കോഴിക്കോടാണ് മത്സരത്തിന് വേദിയാകുക.

ലൂക്ക സോക്കറിന് വിജയം

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിത ലീഗ് ഫുട്‌ബാള്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലൂക്ക സോക്കര്‍ ക്ലബ് കടത്തനാട് രാജ ഫുട്‌ബാള്‍ അക്കാദമി വടകരയെ പരാജയപ്പെടുത്തി. 37ാം മിനിറ്റിൽ അല്‍പന ലൂക്കയാണ് സോക്കറിനായി ആദ്യ ഗോള്‍ നേടിയത്. 83ാം മിനിറ്റിൽ അർഷ രണ്ടാമത്തെ ഗോള്‍ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പെനാല്‍റ്റി കിക്കിലൂടെ രേവതി മൂന്നാം ഗോൾ കുറിച്ചു.

രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റം നടത്തിയിട്ടും കടത്തനാട്ട് രാജക്ക് അക്കൗണ്ട് തുറക്കാനായില്ല. കിട്ടിയ പെനാൽറ്റി കിക്കാകട്ടെ കളഞ്ഞുകുളിക്കുകയും ചെയ്തു. 

Tags:    
News Summary - Kerala Women's League: Blasters beat Don Bosco to become first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.