കേരള വുമണ്‍സ് ലീഗ്: കേരള ബ്ലാസ്‌റ്റേഴ്‌സിന് കൂറ്റന്‍ ജയം

കോഴിക്കോട്: ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് കേരള വനിതാ ലീഗില്‍ കുതിക്കുന്നു. കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13-1ന് കടത്തനാട് രാജ ഫുട്‌ബാള്‍ അക്കാദമിയെ ബ്ലാസ്‌റ്റേഴ്‌സ് വനിതകള്‍ തകര്‍ത്തു. അഞ്ച് കളിയില്‍ നാലാമത്തെ ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാംസ്ഥാനത്ത് തുടര്‍ന്നു. കടത്തനാട് രാജയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്മി തമാങ് നാല് ഗോള്‍ അടിച്ചു. പകരക്കാരിയായെത്തിയ പി. മാളവികയും ഹാട്രിക് നേടി. നിധിയ ശ്രീധരനും സിവിഷയും ഇരട്ടഗോള്‍ നേടി. എസ് അശ്വതി, ടി.പി. ലുബ്‌ന ബഷീര്‍ എന്നിവരും ലക്ഷ്യംകണ്ടു.

തനു ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍. സി. സിവിഷ, പൂര്‍ണിമ ഗെഹ്‌ലോത്, വി.വി. ആരതി, എം. കൃഷ്ണപ്രിയ, ടി.ജി. ഗാഥ, പിങ്കി കശ്യപ്, നിധിയ ശ്രീധരന്‍, നിലിമ ഖക, ടി.പി. ലുബ്‌ന ബഷീര്‍, ലക്ഷ്മി തമങ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങി. കടത്തനാട് രാജ ഫുട്‌ബാൾ അക്കാദമിക്കായി സി.കെ. ശ്രീജയ ഗോള്‍വല കാത്തു. പി. മേഘ, ബനാവത് മൗണിക, പി.എം. ദേവനന്ദ, എന്‍. അവ്യ, പി. നീലാംബരി, തുളസി വി. വര്‍മ, അശ്വതി എസ്. വര്‍മ, എ. ഗോപിക, രുദ്രരപു രവാലി എന്നിവരും അണിനിരന്നു.

കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് വനിതകള്‍ മുന്നിലെത്തി. സിവിഷ എടുത്ത കോര്‍ണര്‍ കിക്ക് ഗോള്‍ കീപ്പര്‍ക്ക് തടയാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയില്‍ തട്ടി പന്ത് വലയിലേക്ക്. ലക്ഷ്മിയാണ് ലക്ഷ്യം കണ്ടത്. ഒമ്പതാം മിനിറ്റില്‍ ലക്ഷ്മിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.അവസാന മത്സരങ്ങളില്‍ കളിച്ച പ്രധാന താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടായില്ല. ഒരു ഗോള്‍ നേടിയ ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ വേഗം കുറഞ്ഞു. കടത്തനാട് രാജ മുന്നേറ്റത്തിന് അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല.




 


കളിയുടെ 38ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാംഗോള്‍. പിന്നെ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഗോള്‍ മഴയായിരുന്നു.

38ാം മിനിറ്റില്‍ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ സിവിഷ ലക്ഷ്യംകണ്ടു. 43ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നേട്ടം മൂന്നാക്കി. സിവിഷ നല്‍കിയ പന്തുമായി ബോക്‌സില്‍ കയറിയ നിധിയ കടത്തനാട് രാജ ഗോള്‍ കീപ്പറെ എളുപ്പത്തില്‍ മറികടന്നു. 45ാം മിനിറ്റില്‍ കടത്തനാട് രാജ ഒരെണ്ണം തിരിച്ചടിച്ചു. നീലാംബരിയുടെ ലോങ് റേഞ്ച് ഷോട്ട് തനുവിനെ മറികടന്നു. തൊട്ടടുത്ത നിമിഷം ബ്ലാസ്‌റ്റേഴ്‌സ് നേട്ടം നാലാക്കി. ലുബ്‌ന വലതുവശത്തേക്ക് തട്ടിയിട്ട പന്തുമായി ലക്ഷ്മി ഒറ്റയ്ക്ക് മുന്നേറി. ബോക്‌സില്‍വച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

ഗോള്‍ വര്‍ഷത്തോടെയായിരുന്നു രണ്ടാംപകുതിയുടെ തുടക്കം. 47ാം മിനിറ്റില്‍ ലക്ഷ്മിയുടെ ഹാട്രിക് ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചെണ്ണം തികച്ചു. 52ാം മിനിറ്റില്‍ സിവിഷയെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനല്‍റ്റി. സിവിഷ അനായാസം കിക്ക് വലയിലെത്തിച്ചു. ഒമ്പത് മിനിറ്റിനുള്ളില്‍ അടുത്ത ഗോള്‍. ലക്ഷ്മിയുടെ നാലാമത്തെ ഗോള്‍. സ്‌കോര്‍ 7-1. ഒറ്റയ്ക്കുള്ള മുന്നേറ്റം തടയാന്‍ ഗോള്‍ കീപ്പര്‍ക്ക് കഴിഞ്ഞില്ല. 68ാം മിനിറ്റില്‍ ലുബ്‌ന ബ്ലാസ്‌റ്റേഴ്‌സിന്റെ എട്ടാം ഗോളും തൊടുത്തു. 75ാം മിനിറ്റിലായിരുന്നു ഒമ്പതാമത്തെ ഗോള്‍. ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് മാളവിക ഗോളടിച്ചു. പകരക്കാരിയായാണ് മാളവിക കളത്തിലെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മാളവികയുടെ മറ്റൊരു മിന്നുന്ന ഗോളും പിറന്നു. സ്‌കോര്‍ 10-1. 80ാം മിനിറ്റില്‍ നിധിയയുടെ ലോങ് റേഞ്ചര്‍ കടത്തനാട് രാജയുടെ ഗോള്‍വല തകര്‍ത്തു. 87ാം മിനിറ്റില്‍ മാളവിക ഹാട്രിക് പൂര്‍ത്തിയാക്കി. പിന്നാലെ സുനിത മുണ്ട നല്‍കിയ ക്രോസില്‍ അശ്വതിയും ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ 13ാമത്തെ ഗോള്‍. സെപ്റ്റംബര്‍ 11ന് കേരള യുണൈറ്റഡ് എഫ്‌.സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. 

Tags:    
News Summary - kerala womens league football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.