ഇൻജുറി ടൈമിലെ പെനാൽറ്റി പുറത്തേക്കടിച്ച് ക്രിസ്റ്റ്യാനോ; അൽ നസ്ർ കിങ്സ് കപ്പിൽനിന്ന് പുറത്ത്

റിയാദ്: പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻജുറി ടൈമിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അൽ താവൂനോട് തോറ്റ് അൽ നസ്ർ കിങ്സ് കപ്പിൽനിന്ന് പുറത്ത്.

റിയാദിലെ സ്വന്തം തട്ടകമായ അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്‍റെയും തോൽവി. 71ാം മിനിറ്റിൽ കോർണർ പന്ത് ഹെഡ്ഡ് ചെയ്ത് വാലീദ് അൽ അഹ്മദാണ് താവൂനിന്‍റെ വിജയഗോൾ നേടിയത്. നിശ്ചിത സമയത്ത് ഗോൾ മടക്കാനുള്ള നസ്റിന്‍റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇൻജുറി സമയത്താണ് (90+4) ആതിഥേയർക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ബോക്സിനുള്ളിൽ മുഹമ്മദ് മറാനെ താവൂൺ താരം അൽ അഹ്മദ് വീഴ്ത്തിയതിനാണ് റഫറി അൽ നസ്റിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുക്കാൻ എത്തിയത് ക്രിസ്റ്റ്യാനോ.

താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. അവസാന നിമിഷം സമനില പിടിച്ച് മത്സരം അധികസമയത്തേക്ക് കൊണ്ടുപോകാനുള്ള സുവർണാവസരമാണ് നായകൻ നഷ്ടപ്പെടുത്തിയത്. തോൽവിയോടെ അൽ നസ്ർ കിങ്സ് കപ്പിന്‍റെ റൗണ്ട് 16ൽനിന്ന് പുറത്തായി. ക്രിസ്റ്റ്യാനോ ക്ലബിനൊപ്പം ചേർന്നതിനുശേഷം തുടർച്ചയായ മൂന്നാം തവണയാണ് കിരീടമില്ലാതെ അൽ നസ്ർ കിങ്സ് കപ്പിൽനിന്ന് പുറത്താകുന്നത്.

സൗദി പ്രോ ലീഗ് പോരാട്ടം വെള്ളിയാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് നസ്റിന്‍റെ തോൽവി. ലീഗ് വമ്പന്മാരായ അൽ ഹിലാലാണ് റിയാദ് ക്ലബിന് എതിരാളികൾ.

ക്രിസ്റ്റ്യാനോ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. നിലവിൽ പ്രോ ലീഗിൽ എട്ടു മത്സരങ്ങളിൽനിന്ന് അഞ്ചു ജയവും മൂന്നു സമനിലയുമായി 18 പോയന്‍റുള്ള നസ്ർ മൂന്നാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളും ജയിച്ച് 24 പോയന്‍റുമായി അൽ ഹിലാലാണ് ഒന്നാമത്. ഒരു മത്സരം തോറ്റ അൽ ഇത്തിഹാദാണ് രണ്ടാമത്.

Tags:    
News Summary - King’s Cup: Ronaldo misses penalty as Al Nassr loses to Al Taawoun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.