ദുബൈ: ആവേശം ബൂട്ടുകെട്ടിയ ആഘോഷരാവിൽ മീഡിയവൺ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്. നിശ്ചിത സമയവും ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലേക്ക് നീണ്ട മത്സരത്തിൽ പാലക്കാട് പാന്തേഴ്സിനെ വീഴ്ത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. ലൂസേഴ്സ് ഫൈനലിൽ തിരുവനന്തപുരത്തെ മറികടന്ന് മലപ്പുറം മൂന്നാംസ്ഥാനം നേടി.
ഇരു ടീമുകളും ആക്രമിച്ചു കളിച്ച കലാശപ്പോരിൽ നിരവധി ഗോൾ അവസരങ്ങൾ തുറന്നെങ്കിലും ഗോൾ മാത്രം മാറിനിന്നു. ഗോൾ കീപ്പർമാരുടെ അപാര സേവുകളും നിർഭാഗ്യവും നിറഞ്ഞുനിന്നപ്പോൾ നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായിരുന്നു വിധി. ഷൂട്ടൗട്ടിലേക്കെത്തിയപ്പോഴും അഞ്ചിൽ നാലും ഗോളാക്കി ഇരു ടീമുകളും വീണ്ടും ഒപ്പത്തിനൊപ്പം പിടിച്ചു.
സഡൻ ഡെത്തിലെ ആദ്യ അവസരം കോഴിക്കോട് ഗോളാക്കിയപ്പോൾ പാലക്കാടിന്റെ ഷോട്ട് മനോഹരമായി തടുത്ത് ഗോളി റസാഖ് കോഴിക്കോടിന് വിജയമൊരുക്കി.
ജേതാക്കൾക്ക് ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻമാരായ ഐ.എം. വിജയനും ജോപോൾ അഞ്ചേരിയും ചേർന്ന് ട്രോഫി സമ്മാനിച്ചു. സമ്മാനത്തുകയായ 15,000 ദിർഹമിന്റെ ചെക്ക് പാൻഗൾഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി കെ.കെ. മുഹമ്മദ് ബഷീർ കോഴിക്കോട് കിങ്സിന്റെ ക്ലബ്ബായ റിനോം എഫ്.എഫ്.സിയിലെ അംഗങ്ങൾക്ക് കൈമാറി.
റണ്ണേഴ്സിനുള്ള 10000 ദിർഹം പാലക്കാട് പാന്തേഴ്സിന്റെ ക്ലബ്ബായ എസ്സ ഗ്രൂപ്പ് ചെർപ്പുളശേരി അംഗങ്ങൾക്ക് ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ജോൺ മത്തായി കൈമാറി. സെക്കൻഡ് റണ്ണേഴ്സായ മലപ്പുറം ഹീറോസിനുള്ള 3500 ദിർഹത്തിന്റെ സമ്മാനം കേക്ക് ഹട്ട് മാനേജർ നൗഫൽ വിതരണം ചെയ്തു. തേർഡ് റണ്ണേഴ്സിനുള്ള 2000 ദിർഹമിന്റെ പുരസ്കാരം മംലക്കൽ മന്തി മാനേജർ ഷാഫിയിൽനിന്ന് തിരുവനന്തപുരം ടൈറ്റൻസ് കോസ്റ്റൽ ട്രിവാൻഡ്രം ക്ലബ് ഏറ്റുവാങ്ങി.
മികച്ച ഡിഫൻഡറായി കോഴിക്കോടിന്റെ മുഹമ്മദ് സാലിഹും ഗോൾകീപ്പറായി റസാഖും തിരഞ്ഞെടുക്കപ്പെട്ടു.
അബ്ദുൽ മുനീറാണ് മികച്ച ഫോർവേഡ്. ടോപ് സ്കോറർക്കുള്ള പുരസ്കാരം പാലക്കാടിന്റെ മുഹമ്മദ് സാലിഹും മലപ്പുറത്തിന്റെ ബുജൈറും പങ്കിട്ടു.
ഗൾഫ് മാധ്യമം -മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട്, മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ്, ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ, മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, കെഫ പ്രസിഡന്റ് ജാഫർ ഒറവൻകര, അക്പാക്സ് പ്രസിഡന്റ് അൻവർ കാന്തപുരം, അൽ മുഅസറാത്ത് ഓപറേഷൻസ് മാനേജർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.