മലപ്പുറം: ആവേശം പന്താടിയ കേരള പ്രീമിയർ ലീഗിലെ രണ്ടാം അങ്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിച്ച് കേരള പൊലീസിന് വിജയതുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പൊലീസിന്റെ മിന്നും ജയം. മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ പൊലീസ് ടീമിന്റെ അർഹിച്ച വിജയത്തിനായിരുന്നു കോട്ടപ്പടി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഇരുടീമും ആക്രമിച്ച് കളിച്ച ആദ്യപകുതിയിൽ നിരവധി ഗോളവസരങ്ങൾ പിറന്നെങ്കിലും വല കുലുങ്ങിയില്ല. 46ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റതാരം തിങ്കുജം കോറൗ സിങ്ങാണ് തുടക്കമിട്ടത്. അധികം വൈകാതെ കേരള പൊലീസിന്റെ മധ്യനിരതാരം എൻ.എസ്. സുജിൽ 53ാം മിനിറ്റിൽ ഗോൾ മടക്കി. 87ാം മിനിറ്റിൽ പൊലീസിന്റെ ഇ. സജീഷ് വിജയഗോളും നേടി.
20ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ശ്രീക്കുട്ടന് ലഭിച്ച സുവർണാവസരം ദുർബലഷോട്ടിൽ ഗോളായില്ല. രണ്ടാം പകുതിയിൽ കടുത്ത ആക്രമണം അഴിച്ചുവിടുന്ന കേരള പൊലീസിനെയാണ് കണ്ടത്. 46ാം മിനിറ്റിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോളിന് മിനിറ്റുകൾക്കകമാണ് പൊലീസ് ചുട്ടമറുപടി നൽകിയത്. സുജിലിന്റെ കാലിൽനിന്ന് തൊടുത്ത പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി വലയിലെത്തുകയായിരുന്നു. 83ാം മിനിറ്റിൽ പൊലീസിന് അനുകൂലമായി കിട്ടിയ പെനാൽറ്റി ബ്ലാസ്റ്റേഴ്സ് ഗോളിയും കളിയിലെ മികച്ച താരവുമായ മുഹമ്മദ് അർബാസ് തട്ടിയകറ്റി. എന്നാൽ, മിനിറ്റുകൾക്കകം പൊലീസ് വിജയഗോൾ. എസ്. ഗോകുൽ നൽകിയ ക്രോസ് സജീഷ് വലയിലേക്ക് തൊടുത്തുവിട്ടു.
രണ്ടാം മത്സരത്തിൽ റിയൽ മലബാർ എഫ്.സിയെ എഫ്.സി അരീക്കോട് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അരീക്കോടിന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.