കല്പറ്റ: കേരള പ്രിമീയർ ലീഗിൽ ഗോകുലം കേരള എഫ്.സി ഫൈനലിൽ. രണ്ടു പാദങ്ങളിലായുള്ള സെമി ഫൈനലുകളിൽ എതിരില്ലാത്ത നാലു ഗോളുകളുടെ തകർപ്പൻ വിജയവുമായാണ് ഗോകുലം ഫൈനലിലെത്തിയത്. വ്യാഴാഴ്ച കോവളം എഫ്.സിയുമായി നടന്ന രണ്ടാം പാദ സെമിയിൽ ക്യാപ്റ്റൻ സാമുവലിന്റെ ഹാട്രിക് നേട്ടത്തോടെ 3-0ത്തിനാണ് ജയം. ആദ്യപാദ സെമി എതിരില്ലാത്ത ഒരു ഗോളിനും ഗോകുലം വിജയിച്ചിരുന്നു. കേരള യുനൈറ്റഡ് എഫ്.സിയും ഗോകുലം കേരള എഫ്.സിയും തമ്മിലുള്ള ഫൈനൽ പോരാട്ടം മാർച്ച് 19ന് വൈകീട്ട് ഏഴിന് കല്പറ്റ മരവയലിലെ വയനാട് ജില്ല സ്റ്റേഡിയത്തിൽ നടക്കും.
രണ്ടാം പാദ സെമിയിലെ ആദ്യ മിനിറ്റിൽ തന്നെ കോവളം എഫ്.സി ഗോകുലത്തിന്റെ വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. ഇതിനു തൊട്ടുപിന്നാലെ മൂന്നാം മിനിറ്റിൽ സാമുവൽ ഫ്രീകിക്കിലൂടെ ഗോകുലത്തെ മുന്നിലെത്തിച്ചു. വീണ്ടും ആക്രമണം തുടർന്ന ഗോകുലം ആദ്യ പകുതിയിലെ അവസാന മിനിറ്റിൽ ഗോൾ സ്കോർ ചെയ്തു. ഇടതുമൂലയിൽനിന്ന് വന്ന ക്രോസിനെ ക്യാപ്റ്റൻ സാമുവൽ ഉയർന്ന് ചാടി ഹെഡ് ചെയ്ത് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പായിച്ചു. രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നി ഗോകുലം കളിച്ചപ്പോൾ കോവളം പ്രത്യാക്രമണം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. ഇതിനിടെയും പലപ്പോഴായി ഗോകുലം ആക്രമണം തുടർന്നു. 67ാം മിനിറ്റിൽ സാമുവലിന്റെ മൂന്നാം ഗോളോടെ ഗോകുലം ലീഡ് ഉയർത്തി. ആദ്യ പാദ മത്സരത്തിലും ഗോകുലത്തിനായി സാമുവലാണ് ഗോൾ സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.