കൽപറ്റ: കേരള പ്രീമിയർ ലീഗിൽ രണ്ടു പാദങ്ങളിലായുള്ള സെമി ഫൈനൽ മത്സരങ്ങളിൽനിന്നായി ഒന്നിനെതിരെ മൂന്നു ഗോളുകളുമായി കേരള യുനൈറ്റഡ് എഫ്.സി ഫൈനലിൽ പ്രവേശിച്ചു.
ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വയനാട് യുനൈറ്റഡ് എഫ്.സി, കേരള യുനൈറ്റഡ് എഫ്.സിക്കെതിരെ വിജയിച്ചെങ്കിലും ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനേറ്റ തോൽവി തിരിച്ചടിയായി. സൂപ്പർ സിക്സ് റൗണ്ടിൽ ഉൾപ്പെടെ പരാജയമറിയാതെത്തിയ വയനാട് ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, ആദ്യപാദ സെമിയിൽ കാലിടറുകയായിരുന്നു.
ഇന്നലെ നാട്ടുകാർക്കു മുന്നിൽ നേടിയ ആശ്വാസ ജയത്തോടെയാണ് വയനാട് യുനൈറ്റഡ് എഫ്.സി ടൂർണമെന്റിൽനിന്ന് പുറത്തേക്ക് പോകുന്നത്. 74ാം മിനിറ്റിലായിരുന്നു രണ്ടാം പാദ സെമിയിലെ വിജയഗോൾ. പകരക്കാരനായി ഇറങ്ങിയ ഇസ്ഹാഖ് നൂഹുവാണ് ഗോൾ നേടിയത്. വിജയം മാത്രം മുന്നിൽക്കണ്ട് കളത്തിലിറങ്ങിയ വയനാട് യുനൈറ്റഡ് എഫ്.സി ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചുകളിച്ചെങ്കിലും പ്രതിരോധത്തിലൂന്നിയുള്ള കേരളയുടെ കളിയിൽ ഗോളവസരങ്ങൾ പാഴായി. വ്യാഴാഴ്ച നടക്കുന്ന കോവളം എഫ്.സി-ഗോകുലം എഫ്.സി രണ്ടാം സെമിയിലെ രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീമായിരിക്കും കേരളയുടെ എതിരാളികൾ. രണ്ടാം സെമിയിലെ ആദ്യപാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലം ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.