കെ.പി.എൽ കിരീടം കേരള യുനൈറ്റഡിന്; ഗോകുലത്തിന്റെ തോൽവി സെൽഫ് ഗോളിൽ

കൽപറ്റ: കേരള പ്രീമിയർ ലീഗിൽ കേരള യുനൈറ്റഡ് എഫ്.സി ചാമ്പ്യന്മാർ. കളിയുടെ 78ാം മിനിറ്റിൽ ഗോകുലം കേരള എഫ്.സി ഗോൾകീപ്പറുടെ പിഴവ് ഗോളായി മാറിയപ്പോൾ അത് യുനൈറ്റഡിന് സമ്മാനിച്ചത് കന്നി കിരീടം. ഇരു ടീമും ആദ്യ പകുതി മുതൽ ആക്രമിച്ചു കളിച്ചപ്പോൾ കൽപറ്റ മരവയലിലെ ജില്ല സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടം കാണികൾക്കും മികച്ച വിരുന്നായി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി. ആദ്യ പകുതിയിൽ അൽപം മുൻതൂക്കം പുലർത്തിയത് കേരള യുനൈറ്റഡായിരുന്നു. തുടരെത്തുടരെ അവർ ഗോകുലത്തിന്റെ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയെങ്കിലും ഗോൾകീപ്പർ ജെയിംസ് കൈതാന്റെ ഇടപെടലുകൾ രക്ഷയായി.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ കേരളയുടെ ബോക്സിൽ ഗോകുലം നിരന്തരം ആക്രമണം നടത്തിയെങ്കിലും കേരളയുടെ ഗോളി പ്രതീഷ് രക്ഷകനായി. ഗോളെന്നുറച്ച ഗോകുലത്തിന്റെ രണ്ട് അവസരങ്ങൾ ഗോൾകീപ്പർ തട്ടിയകറ്റിയപ്പോൾ കേരളയും ആക്രമണങ്ങൾക്ക് കോപ്പുകൂട്ടിത്തുടങ്ങി. മത്സരം ഗോൾരഹിതമായി തുടരവേ 78ാം മിനിറ്റിൽ പ്രതിരോധ താരം നൽകിയ മൈനസ് പാസ് പിടിച്ചെടുക്കുന്നതിൽ ഗോകുലം ഗോൾകീപ്പർക്ക് പിഴച്ചു. പന്ത് ഗോൾവര കടന്ന് വലയിളക്കിയതോടെ കേരള ആവേശത്തിലേക്കുയർന്നു. പിന്നാലെ കണ്ടത് തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങളായിരുന്നു. എന്നാൽ ഗോളെന്നുറച്ച മൂന്നിലധികം അവസരങ്ങളെ പ്രതീഷ് തട്ടിയകറ്റി.

നൈജീരിയക്കാരനായ സഹീദാണ് കേരളയുടെ മുഖ്യപരിശീലകൻ. ഫൈനലിലെത്തിയതോടെ തന്നെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കഴിക്കാൻ കേരള യുനൈറ്റഡ് എഫ്.സി യോഗ്യത നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളാണ് യുനൈറ്റഡ്. 2018ലും 2021ലും കേരള പ്രീമിയർ ലീഗിൽ ഗോകുലം ചാമ്പ്യന്മാരായിരുന്നു. കെ.പി.എല്ലിൽ അഞ്ചാം ഫൈനലിനിറങ്ങിയ ഗോകുലത്തിന്റെ മൂന്നാം കിരീട മോഹമാണ് സെൽഫ് ഗോളിൽ പൊലിഞ്ഞത്.

Tags:    
News Summary - KPL title for Kerala United; Gokulam lost by own goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.