അവിശ്വസനീയം! അവസാന പത്തു മിനിറ്റിൽ മൂന്നു ഗോൾ തിരിച്ചടിച്ച് ബാഴ്സ; സെൽറ്റ വിഗയെ വീഴ്ത്തി വീണ്ടും ഒന്നാമത്

ഇതാണ് തിരിച്ചുവരവ്! ലാ ലിഗയിൽ അവിശ്വസനീയ ജയം സ്വന്തമാക്കി ചാമ്പ്യന്മാരായ ബാഴ്സലോണ. ലീഗിൽ ഏറെ പിന്നിലുള്ള സെൽറ്റ വിഗക്കെതിരെ രണ്ടു ഗോളിന് പിന്നിൽനിന്ന ബാഴ്സ, മത്സരത്തിന്‍റെ അവസാന പത്തു മിനിറ്റിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ത്രസിപ്പിക്കുന്ന ജയം നേടിയത്.

ജയത്തോടെ ബാഴ്സ വീണ്ടും ലീഗിൽ ഒന്നാമതെത്തി. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുകൾ (81, 85 മിനിറ്റുകളിൽ) നേടി ടീമിന്‍റെ വിജയശിൽപിയായി. ജാവോ കാൻസലോയാണ് (89ാം മിനിറ്റിൽ) ടീമിനായി വിജയഗോൾ നേടിയത്. സെൽറ്റക്കായി നോർവേ താരം സ്ട്രാൻഡ് ലാർസണും (19ാം മിനിറ്റിൽ), ഗ്രീക്ക് താരം അനസ്താസിയോസ് ഡൗവികാസും (76ാം മിനിറ്റൽ) വലകുലുക്കി.

ബാഴ്സയുടെ മേധാവിത്വത്തോടെ തുടങ്ങിയ മത്സരത്തിൽ, 19ാം മിനിറ്റിൽ തന്നെ കറ്റാലന്മാരെ സന്ദർശകർ ഞെട്ടിച്ചു. അമേരിക്കൻ താരം ലൂകാസ് ഡാനിയൽ ബോക്സിനുള്ളിലേക്ക് നൽകിയ ഒന്നാംതരം പന്ത് സ്വീകരിച്ച ലാർസൺ ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ഗോളിയെ നിസ്സാഹായനാക്കി വലയിലാക്കി. പിന്നാലെ ബാഴ്സ ആക്രമണത്തിന് മൂർച്ചകൂട്ടിയെങ്കിലും ഗോൾ മാത്രം വന്നില്ല.

സെൽറ്റ കൗണ്ടർ അറ്റാക്കിങ്ങിലൂടെ ലീഡ് വർധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ബാഴ്സ പ്രതിരോധം വിഫലമാക്കി. സെൽറ്റ നേടിയ ഒരു ഗോളിലൂടെ ഒന്നാംപകുതി അവസാനിച്ചു. ബാഴ്സയെ ഞെട്ടിച്ച് 76ാം മിനിറ്റിൽ സെൽറ്റ ലീഡ് വർധിപ്പിച്ചു. ഇയാഗോ അസ്പാസിന്‍റെ അസിസ്റ്റിലാണ് അനസ്താസിയോസ് വല കുലുക്കിയത്. തോൽവി മുന്നിൽകണ്ട ബാഴ്സ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് ആരാധകർ കണ്ടത്.

81ാം മിനിറ്റിൽ ലെവൻഡോവ്സ്കി ആദ്യ ഗോൾ മടക്കി. ജാവോ ഫെലിക്സ് പ്രതിരോധ താരങ്ങൾക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് നൽകിയ പന്ത് താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റിനുശേഷം പോളിഷ് താരം ബാഴ്സയെ ഒപ്പമെത്തിച്ചു. ജാവോ ഫെലിക്സ് വലതു വിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് പിഴവുകളില്ലാതെ ലെവൻഡോവ്സ്കി വലയിലാക്കി. നിശ്ചിത സമയം തീരാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെയാണ് പാബ്ലോ ഗാവി നൽകിയ ക്രോസിലൂടെ കാൻസലോ ടീമിനായി വിജയ ഗോൾ നേടിയത്.

ആറു മത്സരങ്ങളിൽനിന്ന് 16 പോയന്‍റുമായാണ് ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഇത്രയും പോയന്‍റുള്ള ജിറോണയാണ് രണ്ടാമത്. അഞ്ചു മത്സരങ്ങളിൽനിന്ന് 15 പോയന്‍റുമായി റയൽ മഡ്രിഡ് മൂന്നാമതാണ്.

Tags:    
News Summary - La Liga 2023-24: Barcelona pip Celta Vigo in five-goal thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.