ബംഗളൂരു: 2022-23 വർഷത്തെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അന്താരാഷ്ട്ര വിങ്ങർ ലാലിയൻസുവാല ചാങ്‌തെയെ മികച്ച പുരുഷ താരമായും വിദേശ ക്ലബിന് വേണ്ടി കളിക്കുന്ന ഗോകുലം കേരള എഫ്.സി മുൻ സ്ട്രൈക്കർ മനീഷ കല്യാണിനെ വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു.
ക്ലിഫോർഡ് മിറാൻഡയാണ് മികച്ച പുരുഷ പരിശീലകൻ. പരിശീലകക്കുള്ള അംഗീകാരം പി.വി. പ്രിയക്കും ലഭിച്ചു. എമർജിങ് താരങ്ങളായി മുംബൈ സിറ്റി എഫ്.സി ഡിഫൻഡർ ആകാശ് മിശ്രയും ഇന്ത്യൻ അണ്ടർ 17 വനിത ടീം അംഗം ഷിൽജി ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ ബൈചുങ് ബൂട്ടിയ, ഷബീർ അലി, ഐ.എം. വിജയൻ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.
കഴിഞ്ഞ സീസണിൽ 12 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച മിസോറംകാരനായ ചാങ്തെ, രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി. മുംബൈ സിറ്റി എഫ്.സിക്ക് ഐ.എസ്.എൽ വിന്നേഴ്‌സ് ഷീൽഡ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം ഡ്യൂറൻഡ് കപ്പിലും സൂപ്പർ കപ്പിലുമടക്കം ആകെ 22 മത്സരങ്ങളിൽ 10 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. നന്ദകുമാർ ശേഖർ, നവോരേം മഹേഷ് സിങ് എന്നിവരെ പിന്തള്ളിയാണ് ചാങ്തെ പുരസ്‌കാരം നേടിയത്. സൈപ്രസ് ഒന്നാം ഡിവിഷൻ ക്ലബായ അപ്പോളോൺ ലേഡീസിന്റെ താരമാണ് 21 കാരിയായ മനീഷ.
ഡാലിമ ചിബ്ബർ, നഗാങ്ബാം സ്വീറ്റി ദേവി എന്നിവരെ പിന്തള്ളിയാണ് പുരസ്കാരം നേടിയത്. 2020-21 വനിതാ എമർജിങ് ഫുട്ബാളർ ഓഫ് ദ ഇയറായിരുന്നു. ഒഡിഷ എഫ്.സിയെ സൂപ്പർ കപ്പ് വിജയത്തിലേക്കും എ.എഫ്.സി കപ്പ് യോഗ്യതയിലേക്കും നയിച്ചതാണ് മുൻ ഇന്ത്യൻ താരം കൂടിയായ ക്ലിഫോർഡ് മിറാൻഡയെ പുരസ്കാരത്തിലേക്ക് നയിച്ചത്.
എ.ഐ.എഫ്.എഫ് പുരസ്കാരപ്പട്ടികയിൽ മിന്നിത്തിളങ്ങി കേരളവും. മലയാളികളായ ഷിൽജി ഷാജി വനിത എമർജിങ് താരമായും പി.വി. പ്രിയ മികച്ച പരിശീലകയായും തെരഞ്ഞെടുക്കപ്പെട്ടു. ഗോകുലം കേരള എഫ്.സിയുടെ സ്ട്രൈക്കറായ ഷിൽജി, ഇന്ത്യ റണ്ണറപ്പായ അണ്ടർ 17 സാഫ് കപ്പിൽ എട്ട് ഗോളുമായി ടോപ് സ്കോററായി.
ഇന്ത്യക്ക് വേണ്ടി ആറ് മത്സരങ്ങളിൽ 16 ഗോൾ നേടി. കോഴിക്കോട് കക്കയം ഷാജി ജോസഫ്-എൽസി ദമ്പതികളുടെ മകളാണ്. അണ്ടർ 17 വനിത ടീം പരിശീലകയാണ് പ്രിയ. ദീർഘകാലം കേരളത്തിന് വേണ്ടി പന്തുതട്ടിയ ഇവർ, പിന്നീട് പരിശീലന രംഗത്തേക്ക് തിരിഞ്ഞു. ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സി പ്രഥമ കിരീടം നേടിയത് കണ്ണൂർ മാടായി സ്വദേശിനിയായ പ്രിയക്ക് കീഴിലായിരുന്നു.
സാഫ് കപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ചതാണ് ഇവരെ പുരസ്കാരത്തിന് അർഹയാക്കിയത്. അണ്ടർ 14 വനിത ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ വനിത സീനിയർ ടീം സഹപരിശീലകയുമാണ് പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.