ലണ്ടൻ: ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് കീരിടപ്പോരാട്ടത്തിന് ഞായറാഴ്ച ക്ലൈമാക്സ്. രാത്രി 8.30ന് തുടങ്ങുന്ന രണ്ട് മത്സരങ്ങൾ പ്രീമിയർ ലീഗ് 2023-24 സീസണിലെ ജേതാക്കളെ തീരുമാനിക്കും. 37 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റി 88ഉം ആഴ്സനൽ 86ഉം പോയന്റ് നേടി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
സിറ്റി ഇന്ന് വെസ്റ്റ് ഹാം യുനൈറ്റഡിനെ തോൽപിച്ചാൽ തുടർച്ചയായി നാല് തവണ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമാകും. സിറ്റി തോൽക്കുന്നപക്ഷം എവർട്ടനെതിരെ ജയിക്കുകയാണെങ്കിൽ ആഴ്സനലിന് രണ്ട് പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്മാരാകാം. മൂന്നാമതുള്ള ലിവർപൂളിന് 79 പോയന്റും നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വിലക്ക് 68 പോയന്റുമുണ്ട്. ഇന്നത്തെ മത്സരങ്ങൾ ഇവരുടെ സ്ഥാനങ്ങളിൽ ചലനമുണ്ടാക്കില്ല.
ഇത്തിഹാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ വലിയ ജയത്തിൽ കുറഞ്ഞൊന്നും സിറ്റി ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഒമ്പതാം സ്ഥാനക്കാരായ വെസ്റ്റ്ഹാമിന് (52) തകർപ്പൻ ഫോമിലുള്ള പെപ് ഗ്വാർഡിയോള സംഘത്തെ സമനിലയിൽ പിടിച്ചാൽ പോലും വൻനേട്ടമാണ്.
40 പോയന്റുമായി 15ാം സ്ഥാനത്താണ് എവർട്ടൻ. ഇവരെ മറികടക്കൽ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സനലിനും പ്രയാസമുള്ള കാര്യമല്ല. സിറ്റി-വെസ്റ്റ് ഹാം മത്സരം സമനിലയിൽ കലാശിച്ചാൽ ഗണ്ണേഴ്സിന് കിരീടസാധ്യത തെളിയുന്നുണ്ട്. ഒരേ പോയന്റ് വരുമ്പോൾ ആദ്യം പരിഗണിക്കുക ഗോൾ വ്യത്യാസമാണ്. നിലവിൽ ആഴ്സനലിന്റെത് 61ഉം സിറ്റിയുടെത് 60ഉം ആണ്.
ഒരേ ഗോൾ വ്യത്യാസമാണെങ്കിൽ അടിച്ച ഗോളുകളുടെ എണ്ണമാണ് പിന്നെ നോക്കുക. നിലവിൽ സിറ്റി 93ഉം ആഴ്സനൽ 89ഉം ഗോൾ സ്കോർ ചെയ്തിട്ടുണ്ട്.
മൂന്നാമതായി പരിഗണിക്കുക സീസണിൽ ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയന്റാണ്. ഇക്കാര്യത്തിൽ ആഴ്സനലാണ് മുന്നിൽ. നാലാമതായി നോക്കുക നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ആരാണ് കൂടുതൽ എവേ ഗോൾ നേടിയതെന്നാണ്. പൂജ്യമാണ് ഇരു ടീമിന്റെയും എവേ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.