ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സിയുടെ മറുപടി; പി.എസ്.ജിക്ക് ജയം; ശ്വാസം വിട്ട് ക്രിസ്റ്റഫർ ഗാൽട്ടിയർ

ഫ്രഞ്ച് ലീഗ് വണ്ണിൽ ഗോളടിച്ചും ഗോളടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി മിന്നിത്തിളങ്ങിയ മത്സരത്തിൽ പി.എസ്.ജിക്ക് ജയം. ടേബിളിൽ എട്ടാം സ്ഥാനത്തുള്ള നീസിനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് പി.എസ്.ജി വീഴ്ത്തിയത്.

ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് ആറു പോയന്‍റാക്കി ഉയർത്തി. ടീമിന്‍റെ മോശം പ്രകടനത്തിൽ വിമർശനം നേരിടുന്ന മെസ്സി കളത്തിലെ പ്രകടനത്തിലൂടെയാണ് മറുപടി നൽകിയത്. പരിശീലകൻ ക്രിസ്റ്റഫർ ഗാൽട്ടിയർക്കും താൽക്കാലികമായി ആശ്വസിക്കാം. ക്ലബ് മാനേജ്മെന്‍റ് ഗാൽട്ടിയർക്ക് അന്ത്യശാസനം നൽകിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

26ാം മിനിറ്റിൽ മെസ്സിയാണ് ആദ്യ ഗോൾ നേടുന്നത്. ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് നൂനോ മെൻഡിസ് നൽകിയ ഒന്നാംതരം പാസ്സ് മെസ്സി അതിവേഗം വലയിലാക്കി. മത്സരം അവസാനിക്കാൻ 14 മിനിറ്റ് ബാക്കി നിൽക്കെ മെസ്സിയുടെ കോർണർ കിക്കിൽനിന്ന് സെർജിയോ റാമോസ് ഹെഡറിലൂടെ ലീഡ് ഉയർത്തി. ലീഗിൽ തുടർച്ചയായ രണ്ടു തോൽവികൾക്കു പിന്നാലെയാണ് പി.എസ്.ജി വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുന്നത്.

തോൽവിക്കു പിന്നാലെ സ്വന്തം മൈതാനത്ത് മെസ്സിക്കുനേരെ ആരാധകർ കൂക്കിവിളിച്ചിരുന്നു. കരാർ അവസാനിക്കുന്നതോടെ സീസണൊടുവിൽ താരം ക്ലബ് വിടുമെന്ന കാര്യം ഏറെകുറെ ഉറപ്പായിട്ടുണ്ട്. നിലവിൽ 30 മത്സരങ്ങളിൽനിന്ന് 69 പോയന്‍റാണ് പി.എസ്.ജിക്ക്. രണ്ടാമതുള്ള ലെൻസിന് ഇത്രയും മത്സരങ്ങളിൽനിന്ന് 63 പോയന്‍റും.


Tags:    
News Summary - Lionel Messi and Sergio Ramos give PSG win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.