സൂപ്പർതാരം ലയണൽ മെസ്സിയിലൂടെ ലീഗ്സ് കപ്പിൽ ആദ്യമായി മുത്തമിട്ട് ഇന്റർ മയാമി. ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ നാഷ്‍വില്ലെയെ സഡൻ ഡെത്തിലാണ് (10-9) വീഴ്ത്തിയത്.
ജയത്തോടെ കരിയറിൽ ഏറ്റവും അധികം കിരീടങ്ങളുള്ള ഫുട്ബാൾ താരമെന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. 44 കിരീടങ്ങൾ. 43 കിരീടങ്ങളുള്ള ബ്രസീൽ താരം ഡാനി ആൽവസിനെയാണ് താരം മറികടന്നത്. ലാ ലിഗ കിരീടവും ചാമ്പ്യന്‍സ് ട്രോഫിയും ക്ലബ് വേള്‍ഡ് കപ്പും യുവേഫ സൂപ്പർ കപ്പും അടക്കം ബാഴ്‌സലോണക്കായി 35 കിരീടങ്ങളാണ് മെസ്സി നേടിയത്. അർജന്‍റീനക്കായി ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസിമയും അടക്കം അഞ്ച് കിരീടങ്ങൾ നേടിയ മെസ്സി, പി.എസ്.ജിക്കൊപ്പം മൂന്ന് കിരീട നേട്ടങ്ങളിലും പങ്കാളിയായി.
39 കിരീടങ്ങളുമായി ആന്ദ്രെ ഇനിയെസ്റ്റ, 37 കിരീടങ്ങളുമായി മാക്സ്വെൽ, ജെറാഡ് പിക്വെ എന്നിവരുമാണ് തൊട്ടുപിന്നിലുള്ളത്. മെസ്സിയെ കാത്ത് മറ്റൊരു കിരീടം കൂടി കൈയകലത്തുണ്ട്. യു.എസ് ഓപ്പൺ കപ്പ് കിരീടത്തിലേക്ക് രണ്ടു മത്സരങ്ങളുടെ ദൂരം മാത്രമാണ് മെസ്സിക്കും സംഘത്തിനുമുള്ളത്. ഈമാസം 24ന് നടക്കുന്ന സെമി ഫൈനലിൽ മേജര്‍ ലീഗ് സോക്കറിലെ കരുത്തരായ സിന്‍സിനാട്ടിയാണ് എതിരാളികള്‍.
ഫൈനൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡും മെസ്സിയുടെ പേരിലാണ്. 35 ഗോളുകൾ. 31 ഗോളുകളുമായി പെലെയും 22 ഗോളുകളുമായി ക്രിസ്റ്റ്യാനോയും 21 ഗോളുകളുമായി നെയ്മറുമാണ് തൊട്ടുപിന്നിലുള്ളത്. നിശ്ചിത സമയത്ത് ഓരോ ഗോളുകളുമായി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെയാണ് ലീഗ്സ് കപ്പ് ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ആദ്യത്തെ അഞ്ചു കിക്കുകളിൽ ഇരു ടീമുകളും തുല്യത (4-4) പാലിച്ചതോടെ മത്സരം ഡസൻ ഡെത്തിലേക്ക്. ഒടുവിൽ കിക്കെടുക്കാൻ ഗോൾകീപ്പർമാർ.
കിക്കെടുത്ത മയാമി ഗോളി ഡ്രേക്ക് സ്റ്റീവൻ കാലെൻഡറിന്‍റെ ഷോട്ട് വലയിൽ. പിന്നാലെ നാഷ്‍വില്ലെ ഗോൾ കീപ്പറുടെ ഷോട്ട് കാലെൻഡർ തടഞ്ഞിട്ടതോടെ വിജയം മയാമിക്കൊപ്പം. മെസ്സിയിലൂടെ ഇന്‍റർ മയാമിയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. തുടര്‍ച്ചയായി പരാജയങ്ങളിലായിരുന്ന ഇന്റർ മയാമി മെസ്സിയുടെ വരവോടെ തോൽവി അറിഞ്ഞിട്ടില്ല. ക്ലബിന്‍റെ ചരിത്രത്തിലെ സുപ്രധാന കിരീട നേട്ടമാണിത്. ഇന്‍റർ മയാമിക്കായി കളിച്ച ഏഴു മത്സരങ്ങളിൽനിന്നായി മെസ്സിയുടെ ഗോൾ നേട്ടം ഇതോടെ പത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.