ബാഴ്സലോണയുമായുള്ള ദീർഘകാലത്തെ ബന്ധം 2021ലാണ് സൂപ്പർതാരം ലയണൽ മെസ്സി അവസാനിപ്പിക്കുന്നത്. ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയിലേക്കാണ് താരം കൂടുമാറിയത്.
ഇതിനിടെ പലതവണ താരം ആദ്യ ക്ലബായ ബാഴ്സയിലേക്ക് തന്നെ മടങ്ങുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ബാഴ്സലോണ തന്റെ വീടാണെന്നും അവിടേക്ക് തന്നെ തിരിച്ച് പോകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ അർജന്റീനന്‍ സൂപ്പർ താരം. കരിയർ അവസാനിച്ചാൽ തീർച്ചയായും ബാഴ്സലോണയിൽ സ്ഥിരതാമസമാക്കുമെന്നാണ് താരം പറയുന്നത്.
അർജന്റീനിയൻ മാഗസിനായ ‘ഒലേ’ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഖത്തർ ലോകകപ്പിൽ അർജന്‍റീനക്ക് വിശ്വകിരീടം നേടി കൊടുത്തത്തിലൂടെ താരത്തിന്‍റെ പ്രഭാവം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തകർത്താണ് മെസ്സിയും സംഘവും കിരീടം നേടിയത്. ഏഴു ഗോളുകളും മൂന്നു അസിസ്റ്റുകളുമായി താരം സുവർണപാദുകം സ്വന്തമാക്കുകയും ചെയ്തു.
‘എന്റെ കരിയർ പൂർത്തിയാക്കിയാൽ, ഞാൻ ബാഴ്സയിലേക്ക് മടങ്ങും, അത് എന്റെ വീടാണ്. ലോകകപ്പിന്റെ ഓർമക്കായി കരുതിവെക്കുന്ന സാധനങ്ങളെല്ലാം എന്‍റെ കൈയിലുണ്ട് -ബൂട്ടുകൾ, ടീ-ഷർട്ടുകൾ...,അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കാനേൽപിച്ചിരിക്കുകയാണ്. അവ ഏറ്റുവാങ്ങി അടുത്ത മാസം ബാഴ്സലോണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ഒരുപാടു സാധനങ്ങളും ഒരുപാട് ഓർമകളും ഉണ്ട്’ -മെസ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.