ഫുട്ബാൾ കരിയറിൽ 800 ഗോൾ എന്ന മാന്ത്രിക അക്കത്തിലേക്ക് എത്താൻ അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിക്ക് ഒരു ഗോൾ അകലം മാത്രം. ശനിയാഴ്ച ഫ്രഞ്ച് ലീഗ് വണ്ണിൽ നാന്‍റസിനെതിരെ 12ാം മിനിറ്റിൽ നേടിയ ഗോളിലൂടെ താരത്തിന്‍റെ കരിയറിലെ ഗോൾ നേട്ടം 799 ആയി.
പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് കരിയറിൽ 800 ഗോളെന്ന നാഴികക്കല്ല് പിന്നിട്ടത്. വ്യാഴാഴ്ച ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ പി.എസ്.ജി കളത്തിലിറങ്ങുന്നുണ്ട്. മത്സരത്തിൽ വലകുലുക്കാനായാൽ 35കാരനായ മെസ്സിക്ക് അപൂർവ നേട്ടത്തിലെത്താനാകും.
ആദ്യ പാദ മത്സരത്തിൽ ബയേൺ 1-0ത്തിന് ജയിച്ചിരുന്നു. അർജന്‍റീന ദേശീയ ടീമിനായും ക്ലബ് ഫുട്ബാളിൽ ബാഴ്സലോണ, പി.എസ്.ജി ടീമുകൾക്കുംവേണ്ടിയാണ് താരം 799 ഗോളുകൾ നേടിയത്. ഇതിൽ ഭൂരിഭാഗവും ബാഴ്സലോണക്കു വേണ്ടിയാണ്. 778 മത്സരങ്ങളിൽനിന്നായി 672 ഗോളുകൾ. ദേശീയ ടീമിനായി 98 ഗോളുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം പാരീസിൽ നടന്ന ഫിഫ പുരസ്കാര ചടങ്ങിൽ മികച്ച കളിക്കാരനായി മെസ്സിയെ തെരഞ്ഞെടുത്തിരുന്നു. ലാ ലീഗയിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ, ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരം, കൂടുതൽ തവണ ബാലൻ ഡി ഓർ നേടിയ താരം എന്നിങ്ങനെ നിരവധി റെക്കോഡുകളും താരത്തിന്‍റെ പേരിലാണ്.
ഏഴു തവണ മികച്ച താരത്തിനുള്ള ഫിഫ അവാർഡ് നേടിയ ഏക താരമാണ് മെസ്സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.