പെനാൽറ്റി കിക്ക് ആരെടുക്കും എന്നതിനെച്ചൊല്ലി മൈതാനമധ്യത്ത് ഉടലെടുത്ത സൂപ്പർ താരങ്ങളുടെ തർക്കം പി.എസ്.ജിയെ ഏറെ പരിഹാസ്യരാക്കിയിരുന്നു. മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിനിടെയാണ് പെനാൽറ്റി കിക്കെടുക്കാൻ പന്തെടുത്ത് ബോക്സിലെത്തിയ നെയ്മറുമായി ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ പരസ്യമായി വാഗ്വാദത്തിലേർപ്പെട്ടത്.
പിന്നാലെ ടീമിലെ മികച്ച പെനാൽറ്റി ടേക്കർ ആരെന്ന ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായി. ലിയണൽ മെസ്സി, നെയ്മർ, എംബാപ്പെ, സെർജിയോ റാമോസ് എന്നീ താരങ്ങളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ. ഇവരിൽ മികച്ച പെനാൽറ്റി ടേക്കർ ആരെന്ന ചോദ്യത്തിന് കണക്കുകൾ ഉത്തരം പറയും. പെനാൽറ്റി കൃത്യമായി വലക്കുള്ളിലാക്കിയതിൽ നാല് പി.എസ്.ജി സൂപ്പർതാങ്ങളുടെയും സക്സസ് റേറ്റ് ഇങ്ങനെയാണ്;
നെയ്മറും സെർജിയോ റാമോസുമാണ് ക്ലബിലെ ഏറ്റവും മികച്ച പെനാൽറ്റി ടേക്കർമാർ. നെയ്മർ തന്റെ കരിയറിലെ 86 പെനാൽറ്റികളിൽ 71 എണ്ണവും വലയിലെത്തിച്ചു. 87 ശതമാനമാണ് സക്സസ് റേറ്റ്. തൊട്ടുപിന്നിൽ 86 ശതമാനം സക്സസ് റേറ്റുമായി റാമോസും. താരം കരിയറിലെ 35 പെനാൽറ്റികളിൽ 30 കിക്കുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചു. റയൽ മാഡ്രിഡിനുവേണ്ടി നിർണായക പെനാൽറ്റികൾ അനായാസം ഗോളിലെത്തിച്ച പ്രതിരോധ താരമാണ് റാമോസ്. മറ്റ് മൂന്ന് പി.എസ്.ജി താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് പെനാൽറ്റി എടുത്തത് കിലിയൻ എംബാപ്പെയാണ്.
ഫ്രഞ്ച് സൂപ്പർ താരം കരിയറിലെ 25 പെനാൽറ്റികളിൽ 20 എണ്ണം സ്കോർ ചെയ്തു. 80 ശതമാനമാണ് വിജയ നിരക്ക്. ദീർഘകാലം ബാഴ്‌സലോണയുടെ പെനാൽറ്റി ടേക്കറായിരുന്നു മെസ്സി. ഏഴ് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരത്തിന് അടുത്തിടെയായി പെനാൽറ്റിയിൽ അത്ര നല്ലകാലമല്ല. യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യ പാദത്തിൽ കഴിഞ്ഞ വർഷം റയൽ മാഡ്രിഡിനെതിരെ മെസ്സി പെനാൽറ്റി നഷ്ടമാക്കിയിരുന്നു.
ഇതിന് പി.എസ്.ജി വലിയ വില കൊടുക്കേണ്ടിവന്നു. കരിയറിലെ 134 പെനാൽറ്റികളിൽ 104 എണ്ണം മാത്രമാണ് താരം സ്കോർ ചെയ്തത്. 78 ശതമാനമാണ് സക്സസ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.