ഇന്ത്യൻ സെലിബ്രിറ്റി ഫോട്ടോഗ്രാഫറിന് വേണ്ടി പോസ് ചെയ്ത് ഫുട്ബാൾ ചാംപ്യൻ ലയണൽ മെസ്സി. രോഹൻ ശ്രേസ്ത എന്ന പ്രമുഖ യുവ ഫോട്ടോഗ്രാഫറിനാണ് ആ ഭാഗ്യം ലഭിച്ചത്. ഫോട്ടോഷൂട്ടിൽ നിന്നുള്ള മെസ്സിയുടെ ചിത്രങ്ങൾ രോഹൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. രോഹന്റെ വൈറ്റ് ടി സീരീസിന് (#WhiteTSeries) വേണ്ടിയാണ് ഫുട്ബാൾ മിശിമ പോസ് ചെയ്തത്.
അതേസമയം, ഒന്നര മാസം മുമ്പെടുത്ത ചിത്രങ്ങളാണിവയെന്ന് രോഹൻ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ വൈകി പോസ്റ്റ് ചെയ്യാനും രോഹന് ഒരു കാരണമുണ്ട്. ‘മെസ്സി ഫിഫ ലോകകപ്പ് നേടിയിട്ട്’ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കാം എന്ന കാത്തിരിപ്പിലായിരുന്നു താനെന്ന് രോഹൻ വെളിപ്പെടുത്തി.
മെസ്സിക്കൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് രോഹൻ ഹൃദയസ്പർശിയായ ഒരു കുറിപ്പും പങ്കുവെച്ചു. "എന്റെ നല്ല സുഹൃത്തായ മാനസ്വിയിൽ നിന്ന് എനിക്ക് ലഭിച്ച ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയായിരുന്നു എല്ലാത്തിന്റേയും തുടക്കം. 'ഹേയ് നീയൊരു ഒരു മെസ്സി ആരാധകനാണോ?' -അവൻ ചോദിച്ചു, 'അദ്ദേഹത്തിന്റെ കാൽപാദം പതിയുന്ന ഇടത്തെ പോലും ഞാൻ ആരാധിക്കുന്നു' -എന്നായിരുന്നു എന്റെ മറുപടി. 'ശരി, മെസ്സിയെ ഷൂട്ട് ചെയ്യാൻ നിനക്ക് താൽപ്പര്യമുണ്ടോ?' ‘താൽപര്യമുണ്ട്’ എന്ന് ഞാൻ പെട്ടെന്ന് മറുപടി നൽകിയപ്പോൾ അവൻ പറഞ്ഞു - എങ്കിൽ ഞങ്ങൾ പാരീസിലേക്ക് പോകുന്നു! -ഇത് അങ്ങനെയാണ് സംഭവിച്ചത്. എന്റെ ഈ വർഷത്തിലെ ഏറ്റവും അവിശ്വസനീയമായ ഒരേട്," -രോഹൻ ശ്രേസ്ത എഴുതി.
രോഹൻ കൂട്ടിച്ചേർത്തു, ‘നിങ്ങൾ എന്ത് വിലകൊടുത്തും ഒരു ചിത്രമെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന് ചോദിച്ചാൽ..? എന്നെ സംബന്ധിച്ചിടത്തോളം അത് എല്ലായ്പ്പോഴും മെസ്സിയാണ്. 1999 മുതൽ ഞാനൊരു ബാഴ്‌സ ആരാധകനാണ്, മെസ്സി വെറുമൊരു ഫുട്ബോൾ താരമോ, എക്കാലത്തേയും മികച്ച കളിക്കാരനോ, അല്ലെങ്കിൽ ലോക ചാമ്പ്യനോ അല്ല. 2004/05-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ എനിക്ക് അനന്തമായ സന്തോഷകരമായ ഓർമ്മകൾ സമ്മാനിച്ച ലാ മാസിയയിൽ (la masia) നിന്നുള്ള ഞങ്ങളുടെ ആൺകുട്ടിയാണവൻ.
എന്റെ ഹീറോയുടെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് ഞാൻ അങ്ങേയറ്റം ടെൻഷനിലായിരുന്നു, ഞാൻ എന്താണ് ധരിക്കേണ്ടത്? എനിക്ക് താങ്കളോട് അടങ്ങാത്ത ആരാധനയുണ്ടെന്ന് പറയണോ? ഞാൻ ഒരു ബാർസ ആരാധകനാണെന്ന് പറയണോ..? വേണ്ട? സാധാരണ ചെയ്യുന്നതുപോലെ തന്നെ ചെയ്യാം- പ്രൊഫഷണലായി പ്രവർത്തിക്കാൻ ശ്രമിക്കാം. 'രോഹൻ അതിൽ നിന്ന് വ്യതിചലിക്കരുത്' -ഞാൻ എന്നോട് തന്നെ പറഞ്ഞു, 'ഫോട്ടോഗ്രാഫറാകൂ, ആരാധകനാകരുത്'. - രോഹൻ ഇൻസ്റ്റയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.