ലയണൽ മെസ്സിക്ക് ഹൃദ്യമായ വരവേൽപ് നൽകി പി.എസ്.ജിയിലെ സഹതാരങ്ങൾ; പ്രത്യേക സമ്മാനവും

ലോകകപ്പ് വിജയത്തിനു പിന്നാലെ പാരിസ് സെന്‍റ് ജെർമെയ്നിൽ (പി.എസ്.ജി) തിരിച്ചെത്തിയ സൂപ്പർതാരം ലയണൽ മെസ്സിക്ക് ഹൃദ്യമായ വരവേൽപ് നൽകി സഹതാരങ്ങളും ക്ലബ് അധികൃതരും.

ടീമിനൊപ്പം മെസ്സിയും അർജന്‍റീനയിലേക്ക് പോയിരുന്നു. 10 ദിവസത്തെ അവധിക്കുശേഷമാണ് താരം ക്ലബിനൊപ്പം ചേർന്നത്. പി.എസ്.ജിയുടെ ട്രെയിനിങ് സെന്‍ററിൽ സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് മെസ്സിയെ വരവേറ്റത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ക്ലബ് പുറത്തുവിട്ടു. ക്ലബ് ഉപദേശകനായ ലൂയിസ് കാമ്പോസ് പ്രത്യേക ഉപഹാരവും താരത്തിന് സമ്മാനിച്ചു.

അർജന്‍റീനൻ താരങ്ങൾക്കൊപ്പം നാട്ടിൽ വിക്ടറി പരേഡിലും വിജയാഘോഷത്തിലും പങ്കെടുത്തശേഷം തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം താരം പാരിസിലേക്ക് മടങ്ങിയത്. കുടുംബത്തോടൊപ്പം നാട്ടിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചശേഷം ജനുവരി ആദ്യം മെസ്സി തിരിച്ചെത്തുമെന്ന് നേരത്തെ തന്നെ ക്ലബ് പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞിരുന്നു.

മെസ്സി ക്ലബുമായുള്ള കരാർ 2024 വരെ നീട്ടുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ കരാർ തയാറാക്കുന്നതിന്‍റെ ഭാഗമായി താരം ക്ലബ് അധികൃതരുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും. ലോകകപ്പിനു പിന്നാലെയുള്ള ഫ്രഞ്ച് ലീഗ് വണ്ണിലെ രണ്ടു മത്സരങ്ങളിലും മെസ്സിയില്ലാതെയാണ് പി.എസ്.ജി കളത്തിലിറങ്ങിയത്.

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ആർ.സി ലെൻസിനോട് പി.എസ്.ജി തോൽവി വഴങ്ങുകയും ചെയ്തു. ലീഗ് വണ്ണിൽ 32 മത്സരങ്ങൾക്കുശേഷമാണ് പി.എസ്.ജി തോൽവിയറിയുന്നത്. ലീഗിൽ 44 പോയന്‍റുമായി പി.എസ്.ജി തന്നെയാണ് ഒന്നാമത്. 40 പോയന്‍റുമായി ലെൻസ് രണ്ടാമതാണ്.

ഖത്തർ ലോകകപ്പിലെ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്‍റീന വിശ്വകിരീടം ചൂടിയത്.

Tags:    
News Summary - Lionel Messi Receives Guard Of Honour Upon PSG Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.