മഡ്രിഡ്: ഗംഭീരമായ ഫ്രീകിക്ക് ഗോളിലൂടെ കറ്റാലൻ കരുത്തരായ ബാഴ്സേലാണക്കായി ഗോൾ നേട്ടം 650 തികച്ച് ലയണൽ മെസ്സി. അത്ലറ്റിക് ബിൽബാവോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയ ബാഴ്സ ഇതോടെ ലാലിഗ പോയിൻറ് നിലയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.
ആദ്യ പകുതിയുടെ 20ാം മിനിറ്റിലായിരുന്നു മൈതാനത്തെ വിറപ്പിച്ച കണ്ണഞ്ചും ഗോൾ. എതിർ പ്രതിരോധത്തിലെ അഞ്ചു പേർ മുന്നിലും കരുത്തനായ ഗോളി പിറകിലും കാവൽ നിന്നിട്ടും മെസ്സിയെടുത്ത കിക്ക് വളഞ്ഞുപുളഞ്ഞ് വലതുളച്ചപ്പോൾ തുടക്കത്തിലേ തോൽവി സമ്മതിക്കുകയായിരുന്നു ബിൽബാവോ. അതിനിടെ, ബാഴ്സ താരം ജോർഡി ആൽബ സ്വന്തം നെറ്റിലേക്ക് വഴിതിരിച്ചുവിട്ട് ബിൽബാവോക്ക് അനാവശ്യ സമനില സമ്മാനിച്ചെങ്കിലും ഫ്രഞ്ച് താരം ഗ്രീസ്മാൻ 74ാം മിനിറ്റിൽ ബാഴ്സ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി ജയമുറപ്പാക്കി.
നിർണായക ജയത്തോടെ പോയിൻറ് സമ്പാദ്യം റയലിനൊപ്പമെത്തിച്ച ബാഴ്സ ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഒരു കളി കുറച്ചുകളിച്ചിട്ടും 10 പോയിൻറ് ലീഡുമായി അത്ലറ്റികോ മഡ്രിഡാണ് ഒന്നാമത്. 20 കളികളിൽ റയലിനും ബാഴ്സക്കും 40 പോയിൻറുണ്ട്. അത്ര തന്നെ കളികളിൽ 39 പോയിൻറുമായി സെവിയ്യ തൊട്ടുപിറകിലുണ്ട്.
മറ്റു മത്സരങ്ങളിൽ അത്ലറ്റികോ മഡ്രിഡ് കാഡിസിനെ 4-2ന് വീഴ്ത്തിയപ്പോൾ അലാവെസ്- ഗെറ്റാഫെ, ഗ്രനഡ- സെൽറ്റി വിഗോ കളികൾ ഗോൾരഹിത സമനിലയിൽ കുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.