പരിശീലനത്തിനിടെ 'കൊമ്പുകോർത്ത്' റാമോസും മെസ്സിയും..'ഇവരുടെ കലിപ്പടങ്ങിയില്ലേ?' എന്ന് നെറ്റിസൺസ് -വിഡിയോ

ഒസാക്ക: സ്​പാനിഷ് ലീഗിൽ വർധിത വീര്യത്തോടെ പോരടിച്ച നാളുകളിലത്രയും കടുത്ത 'ശത്രു'ക്കളായിരുന്നു ഇരുവരും. ബാഴ്സലോണയും റയൽ മഡ്രിഡും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടങ്ങൾക്ക് എരിവു പകർന്ന വൈരമായിരുന്നു ലയണൽ മെസ്സിക്കും സെർജിയോ റാമോസിനുമിടയിൽ ഉണ്ടായിരുന്നത്. കാലം കറങ്ങിത്തെളിഞ്ഞപ്പോൾ ബദ്ധവൈരികൾ ഒരേ നിരയിൽ കുപ്പായമിട്ടിറങ്ങുന്ന അതിശയക്കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. പാരിസ് സെന്റ് ജെർമെയ്നിൽ ഒന്നിച്ച ഗോൾവേട്ടക്കാരനും പ്രതിരോധ ഭടനും സൗഹൃദങ്ങളുടെ പുതിയ മേച്ചിൽപ്പുറങ്ങളിലാണ്.


എന്നാൽ, ഇരുവർക്കുമിടയിലെ വൈരം ഇനിയും അവസാനിച്ചില്ലേ എന്ന ചോദ്യമുയർത്തുകയാണ് ​നെറ്റിസൺസ്. അതിന് നിമിത്തമായത് ഗാംബ ഒസാക്കക്കെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിലെ ദൃശ്യങ്ങളാണ്. ഞായറാഴ്ച നടന്ന പരിശീലന സെഷനിൽ മെസ്സി റാമോസിനെയും കടന്ന് ഗോൾനേടുന്നു. ഇരുവരും എതിർടീമുകളിലായാണ് അണിനിരന്നത്. പരിശീലന മത്സരത്തിനിടെ പല തവണ റാമോസിനെ മെസ്സി കടന്നുകയറി. ഗോളിലേക്കുള്ള ഒരു നീക്കത്തിനിടെ, തന്നെ റാമോസ് കടുത്ത രീതിയിൽ ഫൗൾ ചെയ്തതാണ് അർജന്റീനക്കാരനെ പ്രകോപിപ്പിച്ചത്.


ഫൗളിലും വീഴാതെ പന്തുമായി മുന്നേറി ഗോൾ നേടിയ ശേഷം റാമോസിനരികിലെത്തി മെസ്സി ദേഷ്യത്തോടെ നോക്കുകയും എന്തോ പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. 'എൽ ക്ലാസിക്കോയുടെ ഓർമകൾ അവരിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടാകണം' എന്നതടക്കം രസകരമായ നിരവധി കമന്റുകളും ഈ ദൃശ്യങ്ങൾക്കൊപ്പം നിറയുന്നുണ്ട്.



Tags:    
News Summary - Lionel Messi wasn’t happy with Sergio Ramos in training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.