'ക്രിസ്റ്റ്യാനോ എന്ന് പേരിട്ടതിന്​ എന്‍റെ അമ്മയോട്​ ക്ഷമിക്കൂ': മെസ്സിയോട്​ ക്ഷമ ചോദിച്ച്​ 11 കാരനായ ആരാധകൻ

ബ്വേനസ്​ ഐറിസ്​: ഫുട്​ബാൾ ഗ്രൗണ്ടിൽ തന്‍റെ കാല്​​ ​കൊണ്ട്​ മായാജാലം തീർക്കുന്ന അർജന്‍റീന നായകൻ ലയണൽ മെസ്സി കളത്തിന്​ പുറത്ത് തന്‍റെ ആരാധകരോട്​ കാണിക്കുന്ന സ്​നേഹം ശ്രദ്ധേയമാണ്​.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കളിക്കാൻ ചെന്ന മെസ്സി ഒരിക്കൽ പോലും തന്നെ കാണാൻ വരുന്ന വൻ ആരാധകക്കൂട്ടത്തെ നിരാശരാക്കിയിട്ടില്ല. മെസ്സിയോട്​ ജഴ്​സി, ഓ​ട്ടോഗ്രാഫ്​, സെൽഫി എന്നിവ ആവശ്യപ്പെടുന്ന ആരാധകരെ നാം കണ്ടിട്ടുണ്ട്​. എന്നാൽ സൂപ്പർ താരത്തോട് ക്ഷമ ചോദിക്കുന്ന ഒരു കുഞ്ഞു ആരാധകനാണ്​ ഇപ്പോൾ അർജന്‍റീനയിൽ ശ്രദ്ധിക്കപ്പെടുന്നത്​.

തനിക്ക്​ വേറൊരു ഫുട്​ബാൾ സൂപ്പർ താരത്തിന്‍റെ പേര്​ നൽകാൻ തന്‍റെ അമ്മ തീരുമാനിച്ചതിലാണ്​ 11കാരനായ ​ആരാധകൻ ​മെസ്സിയോട്​ ക്ഷമ ചോദിച്ചത്​. ടി.വൈസി സ്​പോർട്​സിലെ മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൽ ആണ്​​ 11കാരന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​. മറ്റാരുമല്ല മെസ്സിയുടെ മുഖ്യ എതിരാളിയായ പോർചു​ഗീസ്​ സൂപ്പർ താരം ക്രിസ്റ്റ്യാനോ റെണാൾഡോയുടെ പേരായിരുന്നു 11കാരന്​ സ്വന്തം അമ്മ ഇട്ടത്​.

റേസിങ്​ ക്ലബ്​ അക്കാദമിയുടെ കളിക്കാരനാണെങ്കിലും എതിരാളികളായ റിവർപ്ലേറ്റിനെയാണ് ക്രിസ്​റ്റ്യാനോ പിന്തുണക്കുന്നത്​​. അമ്മ ക്രിസ്​റ്റ്യാനോ എന്ന്​ പേര്​ നൽകിയെങ്കിലും അവന്‍റെ ഇഷ്​ടം മെസ്സിയോടായിരുന്നു. ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിന്‍റെ പരിശീലനത്തിനായി എസൈസയിലെത്തിയ മെസ്സിയെയും സംഘത്തെയും കാണാനായി ക്രിസ്റ്റ്യാനോ പിതാവിനൊപ്പം പുറപ്പെ​ട്ടെങ്കിലും നിരാശയായിരുന്നു ഫലം. കോവിഡ്​ ചട്ടങ്ങളെ ആരാധകരെ കാണാൻ കളിക്കാർക്ക്​​ അനുമതിയില്ല.

പെറുവിനെതിരായ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിൽ അർജന്‍റീന 1-0ത്തിന്​ വിജയിച്ചിരുന്നു. 43ാം മിനിറ്റിൽ ലോതാരോ മാർടിനസാണ്​ കോപ്പ അമേരിക്ക ജേതാക്കൾക്കായി വിജയഗോൾ നേടിയത്​. 

Tags:    
News Summary - Lionel Messi's 11-year-old fan pleads forgiveness as his mother named him after Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.