ഇടവേളക്ക് വിട...മയാമിയിൽ മെസ്സി കളി തുടങ്ങുന്നു

മയാമി: അൽപകാലത്തെ ഇട​വളേക്കുശേഷം ഇന്റർ മയാമിക്കുവേണ്ടി ലയണൽ മെസ്സി വീണ്ടും കളത്തിലേക്ക്. അമേരിക്കൻ ക്ലബിന്റെ 2024ലെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മേജർ ലീഗ് സോക്കർ ഉൾപ്പെടെയുള്ള ഔദ്യോഗിക മത്സരങ്ങൾക്ക് മുന്നോടിയായി മെസ്സിയും സംഘവും നാലു രാജ്യാന്തര പരിശീലന മത്സരങ്ങളിൽ മയാമിയുടെ കുപ്പായത്തിൽ മൈതാനത്തിറങ്ങും.

2024ലെ പോരാട്ടവഴികളിൽ മയാമിയുടെ യാത്രക്ക് തുടക്കമാവുന്നത് എൽസാൽവഡോർ ദേശീയ ടീമിനൊപ്പമുള്ള സൗഹൃദ മത്സരത്തോടെയാണ്. ജനുവരി 19ന് സാൻ സാൽവഡോറിലെ കസ്കാറ്റ്ലൻ സ്റ്റേഡിയത്തിലാണ് മത്സരം. 2024 കാമ്പയിന് മുന്നോടിയായുള്ള മയാമിയുടെ ഒരുക്കങ്ങൾക്ക് കൂടിയാവും സാൻ സാൽവഡോറിൽ കിക്കോഫ് വിസിൽ മുഴങ്ങുക.

തുടർന്ന് മെസ്സിയും കൂട്ടുകാരും ആവേശഭരിതമായ ഏഷ്യൻ പര്യടനത്തിന് തുടക്കമിടും. ജനുവരി 29ന് അർജന്റീന നായകന്റെ അടുത്ത സുഹൃത്തും ബ്രസീൽ താരവുമായ നെയ്മർ പന്തുതട്ടുന്ന സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലുമായാണ് പോരാട്ടം. പരിക്കുപറ്റി പുറത്തിരിക്കുന്ന നെയ്മർ പക്ഷേ, റിയാദിൽ നടക്കുന്ന മത്സരത്തിൽ കളത്തിലുണ്ടാവില്ല.

രണ്ടു ദിവസങ്ങൾക്കു​ശേഷം ഫെബ്രുവരി ഒന്നിന് ലോകഫുട്ബാൾ ഉറ്റുനോക്കുന്ന നേരങ്കത്തിൽ മെസ്സിയുടെ മയാമി ക്രിസ്റ്റ്യാനോ റൊണാൾഡോ തേരുതെളിക്കുന്ന അൽ നസ്റുമായി കൊമ്പുകോർക്കും. രണ്ടു വിഖ്യാത താരങ്ങൾ തമ്മിലുള്ള അവസാന മത്സരവുമായേക്കാം അതെന്നതിനാൽ ഈ കളി ലോകത്തെ കളിക്കമ്പക്കാർ ആകാംക്ഷാപൂർവമാകും ഉറ്റു​നോക്കുക.

പര്യടനങ്ങൾക്കുശേഷം മയാമി ടീം നാട്ടിൽ തിരിച്ചെത്തും. ഫെബ്രുവരി 15ന് ഡി.ആർ.വി-പി.എൻ.കെ സ്റ്റേഡിയത്തിൽ ഇന്റർ മയാമിയുമായി മാറ്റുരക്കാനെത്തുന്നത് അർജന്റീന ക്ലബായ നെവൽസ് ഓൾഡ് ബോയ്സാണ്. ചെറുപ്പത്തിൽ കളി പഠിച്ചുവളർന്ന ക്ലബുമായുള്ള സൗഹൃദ മത്സരം മെസ്സിക്ക് വൈകാരികമായി ഏറെ ഓർമകൾ സമ്മാനിക്കുന്നതാകും.

എം.എൽ.എസ് സീസണിന് ഫെബ്രുവരി 21ന് ഔദ്യോഗിക തുടക്കമാകും. ഫോർട്ട് ലോഡർഡെയ്‍ലിലെ ഹോം മത്സരത്തിൽ റയൽ സാൾട്ട് ലേക് ആണ് മയാമിയുടെ എതിരാളികൾ. ഫെബ്രുവരി 25ന് ലോസ് ആഞ്ചലസ് ഗാലക്സിയുമായും മാർച്ച് രണ്ടിന് ഒർ​ലാൻഡോ സിറ്റി എസ്.സിയുമായും മാറ്റുരക്കും.

കോൺകകാഫ് ചാമ്പ്യൻഷിപ്പിൽ അവസാന 16ലേക്ക് ഇന്റർ മയാമി യോഗ്യത നേടിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ മാർച്ച് നാലിന് നടക്കുന്ന ആദ്യപാദ മത്സരത്തിൽ നാഷ്വിൽ എസ്.സിയോ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള മോകയോ ആകും മയാമിയുടെ എതിരാളികൾ. രണ്ടാംപാദം മാർച്ച് 13ന് നടക്കും.

Tags:    
News Summary - Lionel Messi's exciting schedule to kick off 2024 with Inter Miami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.