തോൽവിത്തുടർച്ചകളുടെ വർഷമായി മാറിയ 2023ൽ പി.എസ്.ജി വീണ്ടും സ്വന്തം കളിമുറ്റത്ത് തോറ്റപ്പോൾ ആരാധകരുടെ അരിശം മെസ്സിക്കുനേരെ. ലിയോണിനെതിരായ കളിയിൽ ബ്രാഡ്‍ലി ബാർകോള നേടിയ ഏക ഗോളിനായിരുന്നു പി.എസ്.ജി വീണത്. കളിയിലുടനീളം മെസ്സിയുടെ പേരു കേൾക്കുമ്പോൾ ആരാധകർ കൂകിവിളിയോടെ നേരിട്ടത് ശ്രദ്ധിക്കപ്പെട്ടു.
ലിയോൺ താരങ്ങൾ മൈതാനത്തെത്താൻ വൈകിയതിനെ തുടർന്ന് 10 മിനിറ്റ് കഴിഞ്ഞാണ് കളി തുടങ്ങിയത്. ടീം സഞ്ചരിച്ച ബസ് പാരിസ് നഗരത്തിലെ പാലം കടക്കാനാവാതെ പ്രയാസപ്പെട്ടതാണ് സമയം വൈകാനിടയാക്കിയത്. നഗരം ചുറ്റിയാണ് പിന്നീട് ബസ് എത്തിയത്.
ഒമ്പതാം മിനിറ്റിൽ ലിയോണിനായി അലക്സാണ്ടർ ലകാസെറ്റ് എടുത്ത പെനാൽറ്റി പോസ്റ്റിലിടിച്ച് മടങ്ങിയതായിരുന്നു ആദ്യ ഗോൾ ശ്രമം. തൊട്ടുപിറകെ കിലിയൻ എംബാപ്പെ എടുത്ത കിക്ക് ഗോളി പണിപ്പെട്ട് തടഞ്ഞിട്ടു. രണ്ടാം പകുതിയിലായിരുന്നു ബാർകോളയുടെ ഗോൾ.
ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് ആറു പോയിന്റ് ലീഡുള്ള പി.എസ്.ജി തുടർന്നും തോൽവികൾ ആവർത്തിച്ചാൽ ചാമ്പ്യൻ പട്ടവും നഷ്ടമാകുമെന്ന ആശങ്കയുണ്ട്. ടീം ലോകകപ്പിനു ശേഷം കളിച്ച 18 കളികളിൽ ഏഴെണ്ണം തോറ്റതാണ് ആധി ഇരട്ടിയാക്കുന്നത്. ലോകകപ്പിന് മുമ്പാകട്ടെ, തുടർച്ചയായ 22 കളികളിൽ തോൽവിയറിയാത്ത ടീമിനാണ് ഇടവേള കഴിഞ്ഞ് വൻതോൽവികൾ.
സീസൺ അവസാനത്തോടെ പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന മെസ്സി ടീമിൽ തുടരുന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ താരത്തെ തിരിച്ചുപിടിക്കാൻ ബാഴ്സലോണയും ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം പന്തുതട്ടി റെക്കോഡുകൾ പലത് കുറിച്ച കറ്റാലൻമാർക്കൊപ്പം വീണ്ടുമെത്തുമെന്ന സൂചനയും ശക്തമാണ്. പി.എസ്.ജിക്കായി രണ്ടു സീണസിൽ 67 മത്സരങ്ങളിൽ കളിച്ച താരം ഇതുവരെ 29 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.