ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ലിവർപൂൾ ഫുൾഹാമിനെ തോൽപിച്ച് പോയന്റ് പട്ടികയിൽ രണ്ടാമത്. ഏഴ് ഗോൾ ത്രില്ലറിൽ 4-3നായിരുന്നു ചെമ്പട വിജയം പിടിച്ചെടുത്തത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടാൻ ലിവർപൂളിന് സുവർണാവസരം ലഭിച്ചെങ്കിലും ലൂയിസ് ഡയസിന്റെ ഷോട്ട് ഫുൾഹാം ഗോൾകീപ്പർ ഡൈവ് ചെയ്ത് കൈയിലൊതുക്കി. 20ാം മിനിറ്റിൽ ലിവർപൂൾ തന്നെയാണ് ആദ്യം ലീഡെടുത്തത്. അവർക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് അലക്സാണ്ടർ ആർനോൾഡ് അത്യുഗ്രൻ ഷോട്ടിലൂടെ വലക്ക് നേരെ അടിച്ചപ്പോൾ ക്രോസ്ബാറിലും ഗോൾകീപ്പർ ബേൺഡ് ലെനോയുടെ ദേഹത്തും തട്ടി പോസ്റ്റിനുള്ളിൽ കയറുകയായിരുന്നു.
എന്നാൽ, നാല് മിനിറ്റിനകം ഫുൾഹാം ഒപ്പമെത്തി. റോബിൻസന്റെ ക്രോസിൽ ഹാരി വിൽസണാണ് ഗോൾ നേടിയത്. 38ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററുടെ ഉശിരൻ ഗോളിൽ ലിവർപൂൾ ലീഡ് തിരിച്ചുപിച്ചു. ഫുൾഹാം താരങ്ങളുടെ കാലിൽ തട്ടി തനിക്ക് നെരെയെത്തിയ പന്ത് അർജന്റീനക്കാരൻ തകർപ്പൻ ലോങ് റേഞ്ചിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫുൾഹാം തിരിച്ചടിച്ചു. കോർണർ കിക്ക് പോസ്റ്റിലേക്ക് തട്ടിയിട്ട് കെന്നി ടെറ്റെയാണ് ഒപ്പമെത്തിച്ചത്. റഫറി ഓഫ്സൈഡ് വിസിൽ മുഴക്കിയെങ്കിലും ‘വാർ’ പരിശോധനയിൽ ഗോളുറപ്പിക്കുകയായിരുന്നു.
53ാം മിനിറ്റിൽ സലാഹിന്റെ തകർപ്പൻ പാസിൽ ന്യൂനസിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ലീഡ് നേടാനുള്ള സുവർണാവസരം ലിവർപൂളിന് നഷ്ടപ്പെടുത്തി. 80ാം മിനിറ്റിൽ അത്യുഗ്രൻ മുന്നേറ്റത്തിലൂടെ ഫുൾഹാം മുന്നിൽ കയറി. കെയ്നീയുടെ ക്രോസ് ഉയർന്നുചാടി ഡെ കോർദോവ റീഡ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ, ഏഴ് മിനിറ്റിനകം ലിവർപൂൾ തിരിച്ചുവന്നു. മുഹമ്മദ് സലാഹ് നൽകിയ പാസ് വതാരു എൻഡോ കിടിലൻ ഷോട്ടിലൂടെ ഫുൾഹാം വലയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ഫുൾഹാമിന്റെ പ്രതീക്ഷകൾ തകർത്ത് ലിവർപൂളിന്റെ വിജയഗോളുമെത്തി. ഫുൾഹാം ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അലക്സാണ്ടർ ആർനോൾഡാണ് ഗോൾ നേടിയത്.
വിജയം നേടുകയും മാഞ്ചസ്റ്റർ സിറ്റി-ടോട്ടൻഹാം മത്സരം 3-3ന് സമനിലയിൽ അവസാനിക്കുകയും ചെയ്തതോടെ സിറ്റിയെ മറികടന്ന് ലിവർപൂൾ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 33 പോയന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 31 പോയന്റുമായി ലിവർപൂൾ രണ്ടാമതും ഒരു പോയന്റ് പിറകിൽ സിറ്റി മൂന്നാമതുമാണ്.
മറ്റു മത്സരങ്ങളിൽ ചെൽസി 3-2ന് ബ്രൈറ്റനെ കീഴടക്കിയപ്പോൾ ബേൺമൗത്ത്-ആസ്റ്റൺവില്ല മത്സരവും (2-2) വെസ്റ്റ്ഹാം-ക്രിസ്റ്റൽ പാലസ് മത്സരവും (1-1) സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.