യൂറോപ ലീഗ് ഫുട്ബാളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ഫ്രഞ്ച് ക്ലബ് ടൊളൂസാണ് രണ്ടിനെതിരെ മൂന്ന് ഗോളിന് ചെമ്പടയെ തകർത്തുവിട്ടത്. കളിയിൽ 72 ശതമാനവും പന്ത് വരുതിയിലാക്കുകയും 19 ഷോട്ടുകളുതിർക്കുകയും ചെയ്തിട്ടും പരാജയം രുചിക്കാനായിരുന്നു യുർഗൻ ക്ലോപ്പ് സംഘത്തിന്റെ വിധി.
സൂപ്പർ താരം മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തി ലൂയിസ് ഡയസ്, കോഡി ഗാപ്കോ, ബെൻ ഡോക് എന്നിവരെ മുൻനിരയിൽ അണിനിരത്തിയാണ് ക്ലോപ്പ് ടീമിനെ ഇറക്കിയത്. 17ാം മിനിറ്റിലാണ് ലിവർപൂളിന്റെ മികച്ച മുന്നേറ്റം കണ്ടത്. ബെൻഡോകിന്റെ മുന്നേറ്റത്തിൽ കൈമാറി ലഭിച്ച പന്ത് മാക് അലിസ്റ്റർ പോസ്റ്റിലേക്ക് അടിച്ചുവിട്ടെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28ാം മിനിറ്റിൽ ടൊളൂസിന് മികച്ച അവസരം ലഭിച്ചെങ്കിലും മനോഹര ക്രോസ് കണക്ട് ചെയ്യുന്നതിൽ സുവാസോ പരാജയപ്പെട്ടു.
എന്നാൽ, 36ാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധ താരം സിമിക്കാസിൽനിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച അരോൺ ഡോണം അനായാസം പന്ത് വലയിലേക്ക് അടിച്ചുകയറ്റി ടൊളൂസിന് നിർണായക ലീഡ് നൽകി. രണ്ടാം പകുതി തുടങ്ങിയയുടൻ ലീഡ് ഇരട്ടിയാക്കാൻ ടൊളൂസിന് സുവർണാവസരം ലഭിച്ചെങ്കിലും തിജ്സ് ഡല്ലിംഗ നൽകിയ മനോഹര പാസ് സുവാസോ അവിശ്വസനീയമായി പുറത്തേക്കടിച്ചു. 50ാം മിനിറ്റിൽ ഡല്ലിംഗ ലിവർപൂൾ വല കുലുക്കിയെങ്കിലും പന്തെടുക്കുന്നതിനിടെ എതിർ താരത്തെ തള്ളിയതിനാൽ ‘വാർ’ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. ലിവർപൂൾ നിരയിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് സലാഹിന് തൊട്ടടുത്ത മിനിറ്റിൽ മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പറെ മറികടക്കാനായില്ല.
58ാം മിനിറ്റിൽ ലൂയിസ് ഡയസിൽനിന്ന് തട്ടിയെടുത്ത പന്ത് ഡല്ലിംഗ ലക്ഷ്യത്തിലെത്തിച്ചതോടെ ഇംഗ്ലീഷുകാർ പരാജയം മണത്തു. 65ാാം മിനിറ്റിൽ ടൊളൂസ് വീണ്ടും ലിവർപൂൾ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ എതിർ താരം ക്രിസ്റ്റ്യൻ കസേറസിന്റെ ദേഹത്ത് തട്ടി പന്ത് വലയിൽ കയറിയത് ലിവർപൂളിന് ആശ്വാസമായി. എന്നാൽ, ഫ്രാങ്ക് മാഗ്രിയിലൂടെ രണ്ട് ഗോൾ ലീഡ് ടൊളൂസ് തിരിച്ചുപിടിച്ചു. 89ാം മിനിറ്റിൽ നിരവധി ടൊളൂസ് ഡിഫൻഡർമാരെ കബളിപ്പിച്ച് ഡിയോഗോ ജോട്ട ഗോൾ നേടിയതോടെ സ്കോർ 2-1. ഇഞ്ചുറി സമയത്തിന്റെ ഏഴാം മിനിറ്റിൽ ജാറെൽ ക്വാൻസ ടൊളൂസിന്റെ നെറ്റിലേക്ക് പന്തടിച്ചുകയറ്റിയെങ്കിലും തൊട്ടുമുമ്പ് പന്ത് മാക് അലിസ്റ്ററിന്റെ കൈയിൽ തട്ടിയത് ‘വാർ’ പരിശോധനയിൽ തെളിഞ്ഞതോടെ ലിവർപൂളിന്റെ ആശ്വാസത്തിന് അൽപായുസായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.