ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപർ പോര്; ആൻഫീൽഡിൽ മധു​ര പ്രതികാരമുണ്ടാകുമോ?

ചാമ്പ്യൻസ് ലീഗിലെത്തിയാൽ എല്ലാ ദൗർബല്യങ്ങളും മാറ്റിവെച്ച് ഉശിര് ഇരട്ടിയാക്കിയാകും മഡ്രിഡുകാർ കളി നയിക്കുക. എതിരാളികളുടെ കരുത്തിനു മുന്നിൽ സുല്ലിടുമെന്ന് തോന്നുന്ന നിമിഷത്തിൽ അവരുടെ മടയിൽ ചെന്ന് ഗോളിട്ട് ടീം കിരീടവുമായി മടങ്ങും. 14 വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ ടീം മറ്റൊന്നില്ല. സമീപകാലത്തൊന്നും ആ ​റെക്കോഡിലെത്താൻ ആർക്കെങ്കിലും ആകുമെന്നും തോന്നുന്നില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ സീസൺ കലാശപ്പോരിലും കിട്ടിയ അവസരം ഗോളിലെത്തിച്ച് റയൽ കപ്പുയർത്തി.

അന്ന് മുഖാമുഖം നിന്നവർ ഇത്തവണ നേരത്തെ അങ്കത്തിനിറങ്ങുകയാണ്. ആൻഫീൽഡിൽ ഇന്ന് പുലർച്ചെയാണ് പോരാട്ടം. ബെൻസേമയും വിനീഷ്യസും നയിക്കുന്ന ആക്രമണനിരയിൽ തുടങ്ങി ഗോളി തിബോ കൊർടുവ വരെ ഏറ്റവും മികച്ച നിരയാണ് ലിവർപൂൾ തട്ടകത്തിൽ ഇന്ന് ജയം തേടിയിറങ്ങുന്നത്. ടോണി ക്രൂസ്, ഒറേലിയൻ ഷൂവാമേനി എന്നിവരുടെ അഭാവം മാത്രമാണ് ടീമിനെ വലക്കുന്നത്. അവർക്കാണെങ്കിൽ പകരക്കാർ വേണ്ടുവോളമുണ്ട്. ഗോളി കൊർടുവക്കൊപ്പം പ്രതിരോധത്തിൽ അലാബ, റൂഡിഗർ, മിലിറ്റാവോ, നാച്ചോ, വലെയോ, കർവായൽ, ​ഒഡ്രിയോസോള, വാസ്ക്വസ് എന്നിവരും മധ്യത്തിൽ മോഡ്രിച്, വാൽവെർഡെ, കാമവിംഗ, അരിബാസ്, സെബലോസ്, മാർടിൻ എന്നിവരും അണിനിരക്കുമ്പോൾ മുന്നേറ്റത്തിൽ ബെൻസേമ, വിനീഷ്യസ്, റോഡ്രിഗോ, അൽവാരോ, ഹസാർഡ്, അസൻസിയോ എന്നിവരുമുണ്ട്. കൊർടുവക്കൊപ്പം ലുനിൻ, ലോപസ് എന്നിവർ കൂടി അടങ്ങിയതാണ് അഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ ടീം.

മറുവശത്ത്, നീണ്ട ഇടവേളക്കു ശേഷം കളിയിൽ തിരിച്ചെത്തിയ ആവേശത്തിലാണ് ക്ലോപിന്റെ കുട്ടികൾ. ശനിയാഴ്ച കരുത്തരായ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ടു ഗോളിന് കടന്ന ടീമിൽ ഡാർവിൻ നൂനസ് പരിക്കേറ്റ് പുറത്താണ്. ഈ സീസണിൽ ടീമിലെത്തിയ നൂനസ് 11 ഗോളുമായി മുൻനിരയിൽ അവിഭാജ്യ സാന്നിധ്യമാണ്.

പ്രകടന മികവിലേക്ക് തിരികെയെത്തിയ ടീമിന് ഇന്ന് എല്ലാം എളുപ്പമാകുമെന്ന് ക്ലോപ് കണക്കുകൂട്ടുന്നുവെങ്കിലും അങ്ങനെ ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആറു സീസണിൽ നാലാം തവണയാണ് ഇരു ടീമും തമ്മിൽ നോക്കൗട്ടിൽ മുഖാമുഖം വരുന്നത്. എന്നാൽ, അവസാന മൂന്നിലും വീണുപോയതാണ് ലിവർപൂളിന്റെ സങ്കടം. പാരിസിൽ നടന്ന അവസാന പോരാട്ടത്തിൽ പക്ഷേ, തിബോ കൊർടുവ എന്ന ഒറ്റയാൻ റയലിന് ജയം ഉറപ്പാക്കുകയായിരുന്നു. അടുത്ത മാസമാണ് രണ്ടാം പാദം. 

Tags:    
News Summary - Liverpool meets Real Madrid at Anfield on Tuesday in the first leg of Champions League last-16 tie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.