ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയവുമായി ലിവർപൂൾ പോയന്റ് പട്ടികയിലെ അഞ്ചാം സ്ഥാനം ഏറെക്കുറെ സുരക്ഷിതമാക്കി. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ബ്രെന്റ്ഫോഡിനെ ഏക ഗോളിനാണ് തോൽപിച്ചത്. 13ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു വിജയഗോൾ. 35 മത്സരങ്ങളിൽ 62 പോയന്റാണ് ടീമിനുള്ളത്. മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് ഉറപ്പാക്കാൻ ഇനിയും കാത്തിരിക്കണം.
ഈജിപ്തിൽ ഒന്നാമൻ
ക്ലബ്, അന്താരാഷ്ട്ര കരിയറിൽ ഏറ്റവുമധികം ഗോൾ നേടിയ ഈജിപ്തുകാരൻ എന്ന റെക്കോഡ് ഇനി സലാഹിന് സ്വന്തം. 314ാം തവണയാണ് താരം കഴിഞ്ഞ ദിവസം സ്കോർ ചെയ്തത്. മുൻ ഈജിപ്ഷ്യൻ ക്യാപ്റ്റൻ ഹു സാം ഹുസൈന്റെ പേരിലുള്ളത് 313 ഗോൾ. ലിവർപൂളിന് വേണ്ടി മാത്രം 186 ഗോൾ നേടിയിട്ടുണ്ട് സലാഹ്. 51 അന്താരാഷ്ട്ര ഗോളുകളും സ്കോർ ചെയ്തു. ലിവർപൂൾ സ്കോറർമാരിൽ നിലവിൽ അഞ്ചാമനാണ്. ടീമിനായി ആറിൽ നാല് സീസണിലും 30ൽ അധികം തവണ വലചലിപ്പിച്ചു.
ഓഫാക്കാതെ ഗോളടിയന്ത്രം
ഹോം മാച്ചിൽ തുടർച്ചയായി ഒമ്പത് വട്ടം ഗോൾ നേടുന്ന ആദ്യ ലിവർപൂൾ താരമാണ് സലാഹ്. ആൻഫീൽഡിൽ താരം ഗോളിൽ സെഞ്ച്വറിയും തികച്ചു.
ഒരു കളിയിലെ ഇടവേളക്ക് ശേഷം ഫെബ്രുവരി 13ന് എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പ്രവർത്തിപ്പിച്ചുതുടങ്ങിയ ഗോളടിയന്ത്രം ഇനിയും ഓഫാക്കിയിട്ടില്ല. തുടർന്ന് ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിന്റെയും പ്രീമിയർ ലീഗിൽ വോൾവ്സ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ, നോട്ടിങ്ഹാം, ടോട്ടൻഹാം, ഫുൾഹാം, ബ്രെന്റ്ഫോഡ് ടീമുകളുടെയും വലകളിൽ പന്തെത്തിച്ചു. ഇതിനിടയിൽ മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ് തുടങ്ങിയ ടീമുകളുടെ മൈതാനത്തും ഗോൾ നേടി സലാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.