ഈജിപ്ഷ്യൻ സൂപ്പർതാരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഇത്തിഹാദ് മുന്നോട്ടുവെച്ച മോഹവിലയിൽ വീഴാതെ ലിവർപൂൾ. 1574 കോടി രൂപയാണ് സൗദി പ്രോ ലീഗ് ക്ലബ് ഇംഗ്ലീഷ് ക്ലബിന് വാഗ്ദാനം ചെയ്തിരുന്നത്. കോടികൾ വാരിയെറിഞ്ഞാലും തങ്ങളുടെ സൂപ്പർതാരത്തെ കൈവിട്ടൊരു കളിക്കില്ലെന്ന് ലിവർപൂൾ മാനേജ്മെന്‍റ് വ്യക്തമാക്കി. സൂപ്പർതാരം സീസണിൽ ആൻഫീൽഡിൽ തന്നെ തുടരും.
സലാ ക്ലബ് വിടുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഈജിപ്ഷ്യൻ താരം വിൽപനക്കുള്ളതല്ലെന്നും ഇതാണ് ഞങ്ങളുടെ അന്തിമ തീരുമാനമെന്നും ക്ലബ് വ്യക്തമാക്കി. താരത്തെ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു പരിശീലകൻ യൂർഗൻ ക്ലോപ്പ്. സലായുടെ അസാന്നിധ്യം സീസണിൽ ക്ലബിന് തിരിച്ചടിയാകുമെന്ന കാര്യത്തിൽ ക്ലോപ്പിനും സംഘത്തിനും സംശയമില്ല.
എന്നാൽ ഇതൊന്നും സൗദി ക്ലബിനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഓരോ തവണയും പുതിയ പുതിയ വാഗ്ദാനങ്ങളുമായി വീണ്ടും സൗദി ക്ലബ് ലിവർപൂളിന്‍റെ വാതിൽക്കലെത്തി. ഒടുവിൽ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമാനമായ മോഹവിലയാണ് അൽ ഇത്തിഹാദ് സലാക്ക് വാഗ്ദാനം ചെയ്തത്. അടുത്തിടെ ലിവർപൂളിൽ നിന്നു റോബർട്ടോ ഫിർമിനോ, ഫാബിഞ്ഞോ, മുൻ നായകൻ ജോർദാൻ ഹെൻഡേഴ്സൺ എന്നിവരെ സൗദി ക്ലബുകൾ സ്വന്തമാക്കിയിരുന്നു. സീരി എ ക്ലബ് എ.എസ് റോമയിൽനിന്ന് 2017ലാണ് സലാ ചെമ്പടക്കൊപ്പം ചേരുന്നത്.
പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ക്ലബിന്‍റെ സുപ്രധാന കിരീട നേട്ടങ്ങളിലെല്ലാം താരം നിർണായക പങ്കുവഹിച്ചു. 306 മത്സരങ്ങളിൽ നിന്ന് 186 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ആറു സീസണുകളിലും ക്ലബിന്‍റെ ടോപ് സ്കോററായിരുന്നു. ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് സലാ. അടുത്തിടെയാണ് ക്ലബുമായി മൂന്നു വർഷത്തെ കരാർ താരം പുതുക്കിയത്.
സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് അൽ ഇത്തിഹാദ്. ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമ, എൻകോളോ കാന്‍റെ, ഫാബീഞ്ഞോ, തിയാഗോ ജോട്ട തുടങ്ങിയ താരങ്ങളെ ഇതിനകം ഇത്തിഹാദ് ക്ലബിലെത്തിച്ചിട്ടുണ്ട്. ഭാവിയില്‍ ക്ലബില്‍ ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൗദിയിലെ ട്രാന്‍സ്ഫര്‍ വിൻഡോ സെപ്റ്റംബര്‍ 20നാണ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.