ഒരു കളി ബാക്കിനിൽക്കെ ചാമ്പ്യൻസ് ലീഗ് പോരാട്ടഭൂമിയിൽനിന്ന് ‘എല്ലാം അവസാനിപ്പിച്ചു മടങ്ങി’ ലിവർപൂൾ. ആദ്യ വിസിൽ മുഴങ്ങി 14 മിനിറ്റിനകം രണ്ടു ഗോളടിച്ച് കഴിവു തെളിയിച്ചവർ പിന്നീട് അഞ്ചെണ്ണം വാങ്ങിക്കൂട്ടിയായിരുന്നു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ടീമിന്റെ ഏറ്റവും വലിയ തോൽവികളിലൊന്ന് ചോദിച്ചുവാങ്ങിയത്. ഇതോടെ, റയലിന്റെ തട്ടകത്തിൽ ചെന്ന് വൻ മാർജിനിൽ ജയിക്കുകയെന്ന ബാലികേറാമലയാണ് ലിവർപൂളിനെ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസൺ കലാശപ്പോരിന്റെ തനിയാവർത്തനമായതിനാൽ ലോകം കാത്തിരുന്ന പോരാട്ടമായിരുന്നു ആൻഫീൽഡിൽ. തോൽവികളിൽ പതറിയ സീസൺ തുടക്കം അവസാനിപ്പിച്ച് അടുത്തിടെ വമ്പൻ ജയങ്ങളുമായി കളി തിരിച്ചുപിടിച്ച ക്ലോപിന്റെ കുട്ടികൾ സ്വന്തം മൈതാനത്ത് ഇറങ്ങുന്നതിനാൽ ശരിക്കും യുദ്ധസമാനമായിരുന്നു റയലിന്റെ ഒരുക്കങ്ങൾ. ഒന്നും എളുപ്പമാകില്ലെന്നും ഇരു ടീമും തുല്യരാണെന്നും റയൽ താരം കരീം ബെൻസേമ പ്രഖ്യാപിക്കുകയും ചെയ്തതാണ്.
കളി തുടങ്ങി നാലാം മിനിറ്റിൽ മാന്ത്രിക സ്പർശമുള്ള ഗോളുമായി ഡാർവിൻ നൂനസ് ആതിഥേയരെ മുന്നിലെത്തിച്ചതോടെ ആൻഫീൽഡിൽ ആരാധക നൃത്തം തുടങ്ങി. ഗോളി കൊർടുവക്ക് കൈവെച്ചുനോക്കാൻ പോലും അവസരം നൽകാതെയായിരുന്നു പിൻകാലിൽ പിറവിയെടുത്ത അതിമനോഹര ഗോൾ. 10 മിനിറ്റ് കഴിഞ്ഞ് റയൽ ഗോളിയുടെ വൻവീഴ്ചയിൽ സലാഹ് ലീഡ് ഉയർത്തി. തൊട്ടുമുന്നിൽ താരം നിൽക്കെ ഗോളിയുടെ കൈകളിൽനിന്ന് വഴുതി പന്ത് മുന്നോട്ടുനീങ്ങുകയായിരുന്നു. വമ്പൻ ആഘോഷവുമായി എല്ലാം നേടിയെന്ന് വിശ്വസിച്ച ലിവർപൂളിന് കഥ അവിടെ അവസാനിച്ചിരുന്നു.
ഒരിക്കൽ സ്വന്തം മിടുക്കിലും പിറകെ ലിവർപൂൾ ഗോളി അലിസൺ സമ്മാനിച്ചും വല കുലുക്കി വിനീഷ്യസ് ജൂനിയർ റയലിനെ ഒപ്പമെത്തിച്ചു. 36ാം മിനിറ്റിലായിരുന്നു അലിസൺ കരിയറിലെ തന്നെ ഏറ്റവും വലിയ അബദ്ധം കാണിച്ചത്. പന്ത് അടിച്ചകറ്റാനുള്ള ശ്രമം നേരെ ചെന്നു തട്ടിയത് വിനീഷ്യസിന്റെ കാലിൽ. താരം പോലും പ്രതീക്ഷിക്കാതെ തെറിച്ചുവീണ പന്ത് വലയിൽ. അതോടെ, ശരിക്കും തിരികെയെത്തിയ റയലിനായി പിന്നീട് കളിയിൽ മുൻതൂക്കം. അതുവരെയും കളി നയിച്ച ആതിഥേയ സംഘത്തിന് എല്ലാം കൈവിട്ടുപോയ നിമിഷങ്ങൾ.
പ്രതിരോധപ്പാളിച്ചയിലാണ് മിലിറ്റാവോ സന്ദർശകരെ മുന്നിലെത്തിക്കുന്നത്. പിന്നാലെ രണ്ടുവട്ടം പന്ത് വലയിലെത്തിച്ച് കരീം ബെൻസേമ ജയം ആധികാരികമാക്കി.
ഒരിക്കൽ മൂന്നു ഗോൾ ലീഡ് മറികടന്ന് ചരിത്രം മാറ്റിയതൊഴിച്ചാൽ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ആറുവട്ടം റയലിനു മുന്നിൽ വീണുപോയതാണ് ചെമ്പടയുടെ സമീപകാല റെക്കോഡ്. അതുതന്നെ സംഭവിക്കുമെന്ന് ഒരു കളി ബാക്കിനിൽക്കെ ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇത് മറികടക്കാൻ അദ്ഭുതങ്ങൾ സംഭവിക്കണം. സ്വന്തം മൈതാനത്ത് ചരിത്രത്തിലാദ്യമായാണ് ലിവർപൂൾ നാലു ഗോൾ വഴങ്ങുന്നത്. അതുക്കും മീതെ അഞ്ചെണ്ണമാണ് ചൊവ്വാഴ്ച ടീം വാങ്ങിക്കൂട്ടിയത്. ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഒരു ടീം രണ്ടെണ്ണം അടിച്ച് അഞ്ചെണ്ണം വാങ്ങുന്നതും ഇതാദ്യം.
18കാരൻ സ്റ്റെഫാൻ ബാജ്സെറ്റികിനെ ഉൾപ്പെടുത്തിയാണ് ക്ലോപ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ക്ലബ് ചരിത്രത്തിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ബാജ്സെറ്റിക് മാറി. സമീപകാലത്ത് താരം ടീമിന്റെ അവിഭാജ്യഘടകമായി മാറിയതോടെയായിരുന്നു അവസരം നൽകാൻ കോച്ചിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.