ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ സമ്പൂർണ ആധിപത്യത്തോടെ ജയിച്ചുകയറി ലിവർപൂൾ വീണ്ടും ഒന്നാം സ്ഥാനത്ത്. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വീഴ്ത്തിയത്. ഡാർവിൻ ന്യൂനസും ഡിയോഗോ ജോട്ടയുമാണ് ചെമ്പടക്കായി സ്കോർ ചെയ്തത്. ജയത്തോടെ ലിവർപൂളിന് 42 പോയന്റായപ്പോൾ ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണൽ 40 പോയന്റുമായി തൊട്ടുപിന്നിലുണ്ട്.
മുഹമ്മദ് സലാഹ്, കോഡി ഗാക്പോ, ഡാർവിൻ ന്യൂനസ് എന്നിവരെ മുൻനിരയിൽ വിന്യസിച്ചാണ് ലിവർപൂൾ ഇറങ്ങിയത്. അഞ്ചാം മിനിറ്റിൽ ബേൺലിക്കാണ് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത്. എന്നാൽ, ബോക്സിന് തൊട്ടരികിൽനിന്നുള്ള താരത്തിന്റെ ഷോട്ട് പുറത്തേക്കായിരുന്നു. ഉടൻ ഗോളുമായായിരുന്നു ലിവർപൂളിന്റെ തിരിച്ചടി. ഇടതുവിങ്ങിലൂടെ ഓടിക്കയറിയ കോഡി ഗാക്പോ നൽകിയ പന്ത് ന്യൂനസ് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ഉടൻ ലിവർപൂളിന് ലീഡ് ഇരട്ടിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും സലാഹിന്റെ ഷോട്ട് ഗോൾകീപ്പർ കുത്തിയകറ്റി. 28ാം മിനിറ്റിൽ ഗാക്പോ പന്ത് വലയിലെത്തിച്ചെങ്കിലും തൊട്ടുമുമ്പ് ന്യൂനസ് എതിർതാരത്തെ ഫൗൾ ചെയ്തതിനാൽ ഗോൾ അനുവദിച്ചില്ല. ഇതിന് പിന്നാലെ സലാഹിന്റെ ഉശിരൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സലാഹിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണ ഗോൾകീപ്പർ തടസ്സംനിന്നു.
55ാം മിനിറ്റിൽ എലിയട്ട് ബേൺലി വല കുലുക്കിയെങ്കിലും ‘വാർ’ പരിശോധനയിൽ സലാഹ് ഓഫ്സൈഡ് പൊസിഷനിലായതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. അഞ്ച് മിനിറ്റിനകം കോർണർ കിക്കിൽനിന്ന് ബേൺലിക്കും സുവർണാവസരം ലഭിച്ചെങ്കിലും പോസ്റ്റിന് തൊട്ടുമുമ്പിൽനിന്നുള്ള ഷോട്ട് പുറത്തേക്കായിരുന്നു. 68ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടാനും അവസരം ലഭിച്ചെങ്കിലും അതും ബാറിന് മുകളിലൂടെ പറന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. ലൂയിസ് ഡയസ് നൽകിയ മനോഹര പാസ് ഡിയോഗോ ജോട്ട വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-2ന് ആസ്റ്റൻവില്ലയെ തോൽപിച്ച് ആറാം സ്ഥാനത്തേക്ക് കയറി. അർജന്റീനൻ കൗമാര താരം അലജാന്ദ്രൊ ഗർണാച്ചോ യുനൈറ്റഡിനായി ഇരട്ട ഗോൾ നേടിയപ്പോൾ റാസ്മസ് ഹോജ്‍ലുണ്ടിന്റെ വകയായിരുന്നു വിജയഗോൾ. ആദ്യപകുതിയിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു യുനൈറ്റഡിന്റെ തകർപ്പൻ തിരിച്ചുവരവ്. മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റ് 3-1ന് ന്യൂകാസിൽ യുനൈറ്റഡിനെയും ബേൺമൗത്ത് 3-0ത്തിന് ഫുൾഹാമിനെയും ല്യൂട്ടൺ ടൗൺ 3-2ന് ഷെഫീൽഡ് യുനൈറ്റഡിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.