ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ചെല്‍സി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാം മത്സരമാണ് സമനിലയിൽ കലാശിക്കുന്നത്.
കരുത്തരായ താരങ്ങളെ പ്ലെയിങ് ഇലവനിൽ കളത്തിലിറക്കിയിട്ടും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. ലിവർപൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നാടകീയമായിരുന്നു മത്സരത്തിന്‍റെ തുടക്കം. നാലാം മിനിറ്റില്‍ ചെല്‍സിക്കായി ജർമൻ താരം കായ് ഹാവെര്‍ട്‌സ് വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയിൽ ഓഫ്‌സൈഡ് വിധിച്ചു. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
പുതുതായി ടീമിനൊപ്പം ചേർന്ന യുക്രെയ്ൻ താരം മൈഖൈലോ മുദ്രിച്ചിനെ ചെൽസി രണ്ടാം പകുതിയിൽ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. 52 ശതമാനം ബോള്‍ പൊസിഷനുണ്ടായിരുന്ന ചെല്‍സി രണ്ടു തവണയും ലിവര്‍പൂള്‍ മൂന്നു തവണയും ടാർഗറ്റിലേക്ക് ഷോട്ടുകൾ പായിച്ചു. ഇതോടെ ചെൽസിയുടെയും ലിവർപൂളിന്‍റെയും ചാമ്പ്യൻസ് ലീഗ് യോഗ്യത അനിശ്ചിതത്വത്തിലായി.
19 മത്സരങ്ങളില്‍നിന്ന് എട്ടു ജയവും അഞ്ചു സമനിലയും ആറു തോൽവിയുമായി 29 പോയന്‍റുള്ള ലിവർപൂൾ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 20 കളികളിൽനിന്ന് എട്ടു ജയവും അഞ്ചു സമനിലയും ഏഴു തോൽവിയുമായി 29 പോയന്‍റുള്ള ചെല്‍സി പത്താം സ്ഥാനത്തും. 47 പോയന്‍റുമായി ആഴ്സണലും 42 പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയും 39 പോയന്‍റുമായി മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.