ബ്രസീൽ സീരി എ ടീം ഗ്രെമിയോയിൽ ചേക്കേറി ഉറുഗ്വായ് സ്ട്രൈക്കർ ലൂയി സുവാരസ്. ലിവർപൂൾ, ബാഴ്സലോണ, അറ്റ്ലറ്റികോ മഡ്രിഡ് എന്നിവയിലായി നീണ്ട കാലം പന്തുതട്ടിയ 35കാരൻ മഡ്രിഡ് ടീമുമായി കരാർ അവസാനിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയിൽ ഉറുഗ്വായ് ക്ലബായ നേഷനലിലെത്തിയിരുന്നു. 16 മത്സരങ്ങളിൽ ടീമിനായി എട്ടു ഗോളുകൾ നേടി. ടീമിന് ഉറുഗ്വായ് ചാമ്പ്യൻഷിപ്പും നൽകിയാണ് ബ്രസീലിലേക്ക് പറക്കുന്നത്.
പുതിയ ജഴ്സിയിൽ ജനുവരി 17നാകും സുവാരസിന്റെ അരങ്ങേറ്റ മത്സരം. കഴിഞ്ഞ സീസണിൽ ബ്രസീൽ സീരി ബിയിൽ കളിച്ച ഗ്രമിയോ സ്ഥാനക്കയറ്റം ലഭിച്ച എത്തിയതോടെയാണ് കരുത്തരെ ടീമിലെത്തിക്കുന്നത്.
ഖത്തർ ലോകകപ്പിൽ ഉറുഗ്വായ് മുന്നേറ്റത്തിലെ സ്ഥിര സാന്നിധ്യമായിരുന്ന സുവാരസ് മൂന്നു കളികളിലും ഇറങ്ങിയെങ്കിലും സ്കോർ ചെയ്യാനായിരുന്നില്ല. സമീപകാലത്ത് ലാറ്റിൻ അമേരിക്ക കണ്ട മികച്ച സ്ട്രൈക്കർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന താരമാണ് സുവാരസ്. ലിവർപൂളിനായി 133 മത്സരങ്ങൾ കളിച്ച് 82 ഗോളുകൾ കുറിച്ച താരം ബാഴ്സയിൽ മെസ്സിക്കൊപ്പം മികച്ച കൂട്ടുകെട്ടുമായി നിറഞ്ഞുനിന്നിരുന്നു. യൂറോപിൽ നീണ്ടകാലത്തെ വാസം അവസാനിപ്പിച്ച് പുതിയ സീസണോടെ ലാറ്റിൻ അമേരിക്കയിൽ തിരിച്ചെത്തിയ താരം ഉറുഗ്വായ് തലസ്ഥാനമായ മൊണ്ടേവിഡോ ആസ്ഥാനമായുള്ള നേഷനലിനൊപ്പം കളിച്ചുവരുന്നതിനിടെയാണ് കൂടുമാറ്റം.
പുതിയ ക്ലബിലും തന്റെ ഇഷ്ട നമ്പറായ ഒമ്പത് തന്നെയാകും സുവാരസ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.