റയോ ഡി ജനീറോ: കളത്തിൽ എതിരാളിയെ കടിച്ചുപരിക്കേൽപിച്ചതുൾപ്പെടെ ‘സംഭവ ബഹുല’മാണ് ഫുട്ബാൾ കളത്തിൽ ലൂയി സുവാറസെന്ന സൂപ്പർ സ്ട്രൈക്കറുടെ കരിയർ. ലിവർപൂളിനും ബാഴ്സലോണക്കും വേണ്ടി ഗോളുകളുടെ മാലപ്പടക്കം തീർത്ത മുൻ ഉറുഗ്വെ നായകൻ ഇപ്പോൾ ബ്രസീലിലെ ഗ്രീമിയോ ക്ലബിന്റെ താരമാണ്.
കഴിഞ്ഞ ദിവസം ക്രുസീറോക്കെതിരായ മത്സരത്തിനിടയിലെ ചില രംഗങ്ങളും സുവാറസിന്റെ കരിയറിൽ ‘വൈറലായി’. ക്രുസീറോ ഡിഫൻഡർ മർലോൺ സേവ്യറുടെ ഫൗളിൽ വീണുകിടക്കുകയായിരുന്നു സുവാറസ്. ഫൗളിന്റെ ‘വ്യാപ്തി’ റഫറിയെ ബോധ്യപ്പെടുത്താൻ ബൂട്ട് അഴിച്ച ഉറുഗ്വെക്കാരന്റെ നടപടി പക്ഷേ, സേവ്യറിന് ഇഷ്ടപ്പെട്ടില്ല. സേവ്യർ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന സുവാറസിന് അരികിലെത്തി താരം അഴിച്ചുവെച്ച ബൂട്ടെടുത്ത് ഗ്രൗണ്ടിന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഈ നടപടിയിൽ കടുത്ത രീതിയിൽ പ്രതിഷേധിച്ച സുവാറസിന് ആശ്വാസമായി റഫറി ക്രുസീറോ ഡിഫൻഡർക്ക് മഞ്ഞക്കാർഡ് കാട്ടി. കളി ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിലെത്തിയപ്പോഴായിരുന്നു സംഭവം.
മത്സരത്തിൽ ഗ്രീമിയോ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ജയിച്ചുകയറിയപ്പോൾ സുവാറസായിരുന്നു കളിയിലെ താരം. ഒരു ഗോൾ നേടിയ ഒമ്പതാം നമ്പറുകാരൻ മറ്റൊരു ഗോളിന് ചരടു വലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.