അന്താരാഷ്ട്ര ഫുട്ബോളിൽ അവസാന മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാഗ്വെക്കെതിരെ നടന്ന 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അദ്ദേഹം കളിച്ചത്. ഇരുടീമുകൾക്കും വലചലിപ്പിക്കാൻ കഴിയാതിരുന്ന മത്സരം ഒടുവിൽ സമനിലയിൽ പിരിയുകയായിരുന്നു. ഉറുഗ്വായ്ക്കായി 143 മത്സരത്തിൽ പങ്കെടുത്ത സുവാരസ് 69 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ഉറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്.
17 വർഷത്തെ കരിയറിനാണ് ഇതോടെ ഈ 37-കാരൻ ഫുൾസ്റ്റോപ്പ് ഇടുന്നത്. 2007ലാണ് സുവാരസ് ഉറുഗ്വായ് ജഴ്സിയിൽ ആദ്യമായി ഇറങ്ങുന്നത്. ടീമിന്റെ പ്രധാന സ്ട്രൈക്കറായി ടീമിലെത്തിയ അദ്ദേഹം 2010 ലോകകപ്പിൽ ടീം സെമിയിലെത്തിയപ്പോഴും തൊട്ടടുത്ത വർഷം കോപ അമേരിക്ക ജേതാക്കളായപ്പോഴും ടീമിന്‍റെ നിർണായക സാന്നിധ്യമായിരുന്നു.
ഡാർവിൻ നീനസ് ഉൾപ്പടെ അഞ്ച് പ്രധാന താരങ്ങളില്ലാതെയാണ് ഉറുഗ്വായ് പരാഗ്വെക്കെതിരെ കളത്തിൽ ഇറങ്ങിയത്. ഇരു ടീമുകളും കട്ടക്ക് പോരാടിയ മത്സരത്തിൽ പക്ഷെ ആർക്കും ഗോൾ നേടുവാൻ സാധിച്ചില്ല. പോസ്റ്റിൽ തട്ടിയകന്ന സുവാരസിന്‍റെ വോളി അടക്കം ഉറുഗ്വായ്ക്ക് ഒരുപാട് അവസരം നഷ്ടമായിരുന്നു. എതിരെ നിന്ന് കളിച്ച പരാഗ്വെയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മടി കാണിക്കാതിരുന്നപ്പോൾ മത്സരം ഗോൾ രഹിതമായി. പന്തിന്റെ നിയന്ത്രണത്തിൽ മാത്രം ഉറുഗ്വേ ഒരൽപ്പം മുന്നിൽ നിന്നു. 11 ഷോട്ടുകൾ പായിച്ച ഉറുഗ്വേ താരങ്ങൾക്ക് ലക്ഷ്യത്തിലേയ്ക്ക് ഉതിർക്കാനായത് ഒരു ഷോട്ട് മാത്രമാണ്. 72-ാം മിനിറ്റിൽ ബ്രയാൻ റോഡ്രിഗ്സ് പായിച്ച ആ ഷോട്ട് പരാഗ്വെ ഗോൾകീപ്പർ തട്ടിയകറ്റുകയും ചെയ്തു.
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കൻ പോയിന്‍റ് പട്ടികയിൽ നിലവിലെ ലോകചാമ്പ്യൻമാരായ അർജന്‍റീനക്ക് പിന്നിൽ രണ്ടാമതാണ് ഉറുഗ്വായ്. 14 പോയിന്‍റാണ് ഉറുഗ്വായ്ക്കുള്ളത്. ചൊവ്വാഴ്ച് വെനിസ്വെലക്കെതിരെയാണ് ഉറുഗ്വായ് യുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.